കോഴിക്കോട് (www.evisionnews.co): പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി നല്‍കി പോക്സോ പ്രകാരം കേസെടുത്തിട്ട് 25 ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്ത സര്‍ക്കാര്‍ നിലപാട് അപലപനീയമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു.
കേസില്‍ പ്രതിയായ സ്‌കൂള്‍ അധ്യാപകന്‍ പത്മരാജന്‍ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് ബി.ജെ.പി പ്രസിഡന്റാണ്. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് പകരം പീഡനത്തിനിരയായ കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് മാനസികമായ തളര്‍ത്താനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്.
വിദ്യാര്‍ത്ഥികളുടെ സംരക്ഷകരാകേണ്ട അധ്യാപകന്‍ തന്നെയാണ് പ്രതി സ്ഥാനത്തെന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ലോക്ഡൗണിന്റെ പേര് പറഞ്ഞ് പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളില്‍ എത്രയും വേഗം പ്രതിയെ അറസ്റ്റു ചെയ്ത് നിയമനടപടികള്‍ പൂര്‍ത്തിയാക്കണമെന്നിരിക്കെ പ്രതിയെ അറസ്റ്റു ചെയ്യാന്‍ പോലും തയാറാകാത്തത് പ്രതിയെ രക്ഷിക്കാന്‍ വേണ്ടിയാണെന്ന് സംശയിക്കുന്നതായി നേതാക്കള്‍ പറഞ്ഞു.
പ്രതിയെ എത്രയും പെട്ടന്ന് അറസ്റ്റു ചെയ്യാനുള്ള ഇടപെടലുകള്‍ സ്ഥലം എം.എല്‍.എയും ആരോഗ്യ വകുപ്പ് മന്ത്രിയുമായ കെകെ ശൈലജ സ്വീകരിക്കാത്തത് ദുരൂഹമാണ്. പ്രതിയെ എത്രയും പെട്ടന്ന് പിടികൂടാന്‍ അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തയാറാകണമെന്നും പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment
0 Comments