കൊച്ചി (www.evisionnews.co): പെരിയ ഇരട്ട കൊലക്കേസ് അന്വേഷണം വഴിമുട്ടിയ അവസ്ഥയില്‍. കേസ് സംബന്ധിച്ച രേഖകളും കേസ് ഡയറിയും ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് കേസ് ഹൈക്കോടതി സിബിഐക്ക് കൈമാറിയത്.
പോലീസ് അന്വേഷണത്തിലെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയാണ് ഹൈക്കോടതി ഇരട്ട കൊലക്കേസില്‍ കുറ്റപത്രം റദ്ദാക്കി കേസ് സിബിഐക്ക് കൈമാറിയത്. 2019 ഓക്ടോബര്‍ 25 ന് കേസ് എറ്റെടുത്ത് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ സര്‍ക്കാര്‍ അപ്പീലുമായി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു. സിംഗിള്‍ ബഞ്ച് ഉത്തരവ് നിലവില്‍ ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തിട്ടില്ല. ഈ സഹാചര്യത്തില്‍ അന്വേഷണത്തിനും തടസ്സമില്ല. സര്‍ക്കാര്‍ അപ്പീലില്‍ വാദം പൂര്‍ത്തിയാക്കി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. സുപ്രീം കോടതിയില്‍ നിന്നുള്ള മുതിര്‍ന്ന അഭിഭാഷകരായിരുന്നു സര്‍ക്കാരിനായി ഹൈക്കോടതിയില്‍ ഹാജരായത്.
അതേസമയം പെരിയ ഇരട്ടകൊലപാത കേസില്‍ സിബിഐ അന്വേഷണം നിലച്ചെന്നാരോപിച്ച് കൊച്ചി സിബിഐ ഓഫീസിന് മുന്നില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ദിവസങ്ങള്‍ക്ക് മുമ്പ് പ്രതിഷേധിച്ചിരുന്നു. കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ രക്ഷിതാക്കളും ബന്ധുക്കളുമാണ് സമരം നടത്തിയത്. സംസ്ഥാന സര്‍ക്കാര്‍ ഇടപെടലാണ് അന്വേഷണത്തെ അട്ടിമറിക്കുന്നതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

Post a Comment
0 Comments