കാസര്‍കോട് (www.evisionnews.co): ബാര്‍ അസോസിയേഷനെതിരെ ഗുരുതര ആരോപണവുമായി മുതിര്‍ന്ന അഭിഭാഷകന്‍ രാമ പാട്ടാളി. അസോസിയേഷനെ കാവിവല്‍ക്കരിച്ചതായും ഭാരവാഹികളുടെ കൊള്ളരുതായ്മകളെ ചൂണ്ടിക്കാട്ടുന്നവരെ ഒറ്റപ്പെടുത്തുന്നതായും രാമപാട്ടാളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാസര്‍കോട് ബാര്‍ അസോസിയേഷനെ ബിജെപി കയ്യടക്കിയിരിക്കുന്നു. ഒരാളൊഴികെ ബാക്കി എല്ലാ ഭാരവാഹികളും ബിജെപിക്കാരാണ്. രാഷ്ട്രീയാധിപത്യമാണ് ബാര്‍ അസോസിയേഷനില്‍ നടക്കുന്നത്. കോടതികളില്‍ മജിസ്‌ട്രേറ്റുമാര്‍ക്കും മുന്‍സിഫുമാര്‍ക്കും ജഡ്ജിമാര്‍ക്കും ശരിയായ രീതിയില്‍ സ്വതന്ത്രമായി ജോലിചെയ്യാനാകാത്ത സ്ഥിതി വിശേഷത്തിലേക്കാണ് ബാര്‍ അസോസിയേഷന്‍ പ്രവര്‍ത്തനം പോയിക്കൊണ്ടിരിക്കുന്നത്.
ബിജെപി വക്കിലുമാരുടെ കൂട്ടായ്മയായി മാറിയിരിക്കുകയാണ് ബാര്‍ അസോസിയേഷന്‍. പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്തി അക്രമിക്കുകയാണ്. ഏറ്റവുമൊടുവില്‍ തന്റെ ഓഫീസില്‍ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന ഗുമസ്തനെ അനുവാദമില്ലാതെ അസോസിയേഷനില്‍ ക്ലര്‍ക്കായി നിയമിച്ചത് ഏകാധിപത്യ സമീപനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ജില്ലാ ബിജെപി നേതൃത്വത്തെ അറിയിച്ചെങ്കിലും തൃപ്തികരമായ മറുപടി ഉണ്ടായില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

Post a Comment
0 Comments