കാസര്‍കോട് (www.evisionnews.co): കാസര്‍കോട് മെഡിക്കല്‍ കോളജിന് 37 കോടി രൂപ അനുവദിച്ചു. റെസിഡന്‍ഷ്യല്‍ കോംപ്ലക്സിന് 29 കോടി രൂപയും ജലവിതരണ സംവിധാനത്തിന് എട്ടുകോടി രൂപയുമാണ് അനുവദിച്ചത്. ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
മൂന്നുനിലയുള്ള 6600 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുളള പെണ്‍കുട്ടികളുടെ ഹോസ്റ്റലും എട്ടു നിലകള്‍ ഉളള അധ്യാപക ക്വാര്‍ട്ടേഴ്‌സും ഉള്‍പ്പെടുത്തിയാണ് മെഡിക്കല്‍ കോളജിന്റെ റെസിഡന്‍ഷ്യല്‍ കോംപ്ലക്സിന് എസ്റ്റിമേറ്റ് തയാറാക്കിയത്. നിലവിലെ ജലവിതരണ പദ്ധതിയില്‍ നിന്നും ഒരു അധിക ഫീഡര്‍ലൈന്‍ സ്ഥാപിച്ച് ബദിയഡുക്കയിലുളള മെഡിക്കല്‍ കോളജ് ക്യാമ്പസിലേക്കും സമീപ പ്രദേശങ്ങളിലേക്കും ജലവിതരണം ചെയ്യുന്ന രീതിയിലാണ് ജലവിതരണ സംവിധാനം നിര്‍മിക്കുക. ശുദ്ധീകരിച്ച വെളളം മെഡിക്കല്‍ കോളജ് കാമ്പസിലേക്ക് വിതരണം ചെയ്യാന്‍ മൂന്നുലക്ഷം ലിറ്റര്‍ സംഭരണശേഷിയുളള ജലസംഭരണികള്‍ എന്‍മകജെ പഞ്ചായത്തിലെ പെര്‍ളയിലും ബദിയടുക്ക മെഡിക്കല്‍ കോളജ് കാമ്പസിലും നിര്‍മിക്കും. എട്ടുകോടി രൂപ വകയിരുത്തിയജലവിതരണ പദ്ധതിയുടെ ഉറവിടം ഷിറിയ നദിയാണ്.
യോഗത്തില്‍ ചീഫ് സെക്രട്ടി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ദേവേന്ദ്ര കുമാര്‍ സിങ്ങ്, പ്ലാനിംഗ് ആന്റ് എക്കണോമിക് അഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ ജയതിലക് ്, ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ നാംദേവ് കോബ്രഗഡെ, പബ്ലിക് വര്‍ക്ക്സ് ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി ആനന്ദ് സിംഗ്, കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി രാജമോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment
0 Comments