Type Here to Get Search Results !

Bottom Ad

ചന്ദ്രഗിരി പാലം നവീകരണം: വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടതോടെ ദേശീയ പാതയില്‍ തിരക്കേറി


കാസര്‍കോട് (www.evisionnews.co): അറ്റകുറ്റപ്പണിക്കായി കാഞ്ഞങ്ങാട്- കാസര്‍കോട് കെ.എസ്.ടി.പി തീരദേശ പാതയില്‍ ചന്ദ്രഗിരി പാലം രണ്ടാഴ്ചത്തേക്ക് അടച്ചിട്ടു. ഇതേതുടര്‍ന്ന് വാഹനങ്ങള്‍ ദേശീയപാതയിലൂടെയും പെരുമ്പളപ്പാലം വഴിയും വഴിതിരിച്ചുവിട്ടു. ഇതോടെ ദേശീയപാതയില്‍ വിദ്യാനഗര്‍ മുതല്‍ പാണലം വരെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. ഇന്നലെ ഉച്ചവരെയും സന്ധ്യാസമയത്തും വലിയ രീതിയിലുള്ള കുരുക്കാണ് അനുഭവപ്പെട്ടത്. വിദ്യാനഗര്‍, സിവില്‍ സ്റ്റേഷന്‍ റോഡിലേക്കും നായന്മാര്‍മൂലയില്‍ പെരുമ്പളക്കടവ് റോഡിലേക്കും കയറുന്ന ഭാഗത്ത് വാഹനങ്ങള്‍ കുടുങ്ങുന്നതാണ് ഗതാഗത ക്കുരുക്കിന് കാരണമായത്. പൊലീസ് ട്രാഫിക് നിയന്ത്രിച്ചെങ്കിലും വീതി കുറഞ്ഞ റോഡിലൂടെ ഇത്രയും വാഹനങ്ങള്‍ കടന്നുവന്നത് കുരുക്കുണ്ടാക്കി. 

അതേസമയം കെ.എസ്.ടി.പി റോഡില്‍ കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും ചെമ്മനാട് മുണ്ടാങ്കുളം വരെ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് നടത്തി. കാഞ്ഞങ്ങാട്, പാലക്കുന്ന്, പൊയിനാച്ചി എന്നിവിടങ്ങളിലേക്കുള്ള പതിവ് സര്‍വീസുകള്‍ മുണ്ടാങ്കുളത്തു നിന്ന് തന്നെ ആരംഭിച്ചു. കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. പെരുമ്പളക്കടവ്- കോളിയടുക്കം വഴി ചട്ടഞ്ചാല്‍ ഭാഗങ്ങളിലേക്കും പതിവു കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തി. കാഞ്ഞങ്ങാട്ടു നിന്നും മംഗളൂരുവിലേക്കുള്ള ദീര്‍ഘദൂര ബസുകള്‍ ദേശീയപാത വഴി ഓടി. ചരക്കുവാഹനങ്ങളും ദേശീയ പാത വഴി തിരിച്ചുവിട്ടു.

ആദ്യം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മൂന്നിനും പിന്നീട് ജനുവരി രണ്ടു മുതലും അടച്ചിടുമെന്നാണ് അധികൃതര്‍ അറിയിപ്പ് നല്‍കിയിരുന്നത്. പാലം നിര്‍മിച്ചശേഷം അറ്റകുറ്റപ്പണിക്കായി ഇത്രയും ദിവസം അടച്ചിടുന്നത് ഇത് ആദ്യമായാണ്. 1990 ഏപ്രില്‍ 21നാണ് പാലം തുറന്നുകൊടുത്തത്. ചന്ദ്രഗിരിപ്പാലത്തെ താങ്ങിനിര്‍ത്തുന്നത് ആറു തൂണുകളാണ്. തൂണുകളും സ്ലാബുകളും തമ്മില്‍ ചേരുന്ന ഭാഗത്തെ അറ്റകുറ്റപ്പണികളാണ് പാലത്തില്‍ പ്രധാനമായും ചെയ്യാനുള്ളത്. ഇതിനുപുറമേ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ തകര്‍ന്ന കൈവരികളും നന്നാക്കും. അറ്റകുറ്റപ്പണിക്കായി 23.10ലക്ഷം രൂപയാണുള്ളത്. രണ്ടാഴ്ചക്കകം പണി പൂര്‍ത്തീയായി ഗതാഗതത്തിന് വിട്ടുകൊടുക്കുമെന്ന് കെ.എസ്.ടി.പി അധികൃതര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad