Type Here to Get Search Results !

Bottom Ad

വലയ സൂര്യഗ്രഹണം 26ന്: നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണുന്നത് അപകടമെന്ന് മുന്നറിയിപ്പ്

കാസര്‍കോട് (www.evisionnews.co): ഡിസംബര്‍ 26ന്സംഭവിക്കുന്ന വലയ സൂര്യഗ്രഹണമെന്ന ആകാശ വിസ്മയത്തെനീരിക്ഷിക്കാനുള്ള തയാറെടുപ്പുകള്‍ ചെറുവത്തൂരില്‍ പൂരോഗമിക്കുന്നു. കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്റെയും ചെറുവത്തൂര്‍ പഞ്ചായത്തിന്റെയും സ്‌പെയ്‌സ് ഇന്ത്യയുടെയും നേതൃത്വത്തില്‍ ഇതിനുള്ള സൗകര്യം ചെറുവത്തൂര്‍ കുട്ടമത്ത് ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ മൈതാനത്താണ് ഒരുക്കുന്നത്. 

ജര്‍മനി, റഷ്യ, അമേരിക്ക,സിങ്കപ്പൂര്‍ തുടങ്ങി എട്ടു വിദേശരാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരും വിദ്യാര്‍ത്ഥികളും ഗവേഷകരും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരും ഈ ആകാശ വിസ്മയത്തിന് സാക്ഷിയാകാന്‍ എത്തും വലയ സൂര്യഗ്രഹണം വ്യക്തമായി കാണാവുന്ന ലോകത്തിലെമൂന്ന് സ്ഥലങ്ങളില്‍ ഒന്നാണ് ചെറുവത്തൂര്‍. 26ന് രാവിലെ 8.04ന് ഗ്രഹണം ആരംഭിക്കും. തുടര്‍ന്ന് 9.24 ആകുന്നതോടെ പൂര്‍ണവലയമായി മാറും. മൂന്നുമിനിറ്റ് അഞ്ച് സെക്കന്റാണ് വലയ സൂര്യഗ്രഹണം പൂര്‍ണതയില്‍ കാണാനാവുക. 11.05ന് ഗ്രഹണം അവസാനിക്കും.

സ്പേസ് ഇന്ത്യ സി എം ഡി സച്ചിന്‍ ബാംബ കാസര്‍കോട്ടെത്തി ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബുവിനെയും ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറയെയും കണ്ട് മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു. ഗ്രഹണം ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് കടക്കുന്ന ദൃശ്യം ഒപ്പിയെടുക്കാന്‍ കഴിയുന്ന ക്യാമറകള്‍ സ്ഥാപിക്കാനും ശാസ്ത്രജ്ഞര്‍ക്ക് നിരീക്ഷിക്കാനും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാല്‍ അനുയോജ്യമാണ് കുട്ടമത്ത് സ്‌കൂള്‍ മൈതാനം. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.സുമതി, പ്രഥമാധ്യാപകന്‍ ടി. ജനാര്‍ദന്‍ എന്നിവരുമായും സംഘം ചര്‍ച്ച നടത്തി. കുട്ടമത്ത് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്ത് രണ്ടായിരത്തിലേറെ ആളുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. കൂടാതെ കിഴക്ക് ദൃശ്യമാകുന്ന ഗ്രഹണം പൂര്‍ണ്ണമായി നിരീക്ഷിക്കാന്‍ അനുകൂലമായ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും ഈപ്രദേശത്തിനുണ്ട്. നഗ്‌ന നേത്രങ്ങളാല്‍ ഗ്രഹണം നിരീക്ഷിക്കാന്‍ പാടില്ല. ഗ്രഹണം ശാസ്ത്രീയമായി നിരീക്ഷിക്കുന്നതിന് 2000ഓളം കണ്ണടകള്‍ ചെറുവത്തൂര്‍ പഞ്ചായത്ത് ബുക്ക് ചെയ്തിട്ടുണ്ട്. ഗ്രഹണം നിരീക്ഷിക്കാന്‍ എത്തുന്നവര്‍ക്ക് 60 രൂപ നിരക്കില്‍ ചെറുവത്തൂര്‍ പഞ്ചായത്ത് അധികൃതര്‍ കണ്ണട ലഭ്യമാക്കും. മൈതാനത്ത് ഒരുക്കിയ വലിയ സ്‌ക്രീന്‍ വഴിയും ഗ്രഹണം നിരീക്ഷിക്കാന്‍ സാധിക്കും.

എന്താണ് വലയ സൂര്യഗ്രഹണം?

സൂര്യനും ഭൂമിക്കുമിടയില്‍ നേര്‍രേഖയില്‍ ചന്ദ്രന്‍ വരുമ്പോള്‍ സൂര്യന്‍ പൂര്‍ണമായോ ഭാഗികമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായി മറച്ചാല്‍ അത് പൂര്‍ണ സൂര്യഗ്രഹണമാകും.സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ നേര്‍രേഖയിലെത്തിയാലും ദീര്‍ഘവൃത്താകൃതിയിലുള്ള ചന്ദ്രന്റെ ഭ്രമണപഥം കാരണം ചിലപ്പോള്‍ ചന്ദ്രന് സൂര്യനെ പൂര്‍ണമായി മറയ്ക്കാനാവില്ല. ഈ സമയത്ത് സൂര്യന്റെ ബാഹ്യഭാഗം ഒരു വലയംപോലെ ചന്ദ്രനു വെളിയില്‍ കാണപ്പെടും. ഇതാണ് വലയ സൂര്യഗ്രഹണം. ഇതും പൂര്‍ണ സൂര്യഗ്രഹണമാണ്.ഗള്‍ഫ് മേഖലയില്‍ ആരംഭിക്കുന്ന ഈ സൂര്യഗ്രഹണം ഇന്ത്യ, ഇന്‍ഡൊനീഷ്യ, മലേഷ്യ തുടങ്ങിയ പ്രദേശങ്ങളിലൂടെയാണ് കടന്ന് പോകുന്നത്.സൂര്യഗ്രഹണം ഇന്ത്യയില്‍ ആദ്യം ദൃശ്യമാവുക ചെറുവത്തൂര്‍ കാടങ്കോടിനടുത്തുള്ള കുണ്ട് എന്ന സ്ഥലത്താണ്. ഗ്രഹണം ഏറ്റവും വ്യക്തമായി കാണാവുന്ന സ്ഥലം കൂടിയാണിത്..

സൂക്ഷിച്ചില്ലെങ്കില്‍ അപകടം

ചുരുങ്ങിയ സമയം മാത്രം ദൃശ്യമാവുന്ന വലയ സൂര്യഗ്രഹണം നഗ്‌നനേത്രങ്ങളാല്‍ ദര്‍ശിക്കാന്‍ പാടില്ല. പൂര്‍ണ ഗ്രഹണ സമയത്ത് ഇരുട്ടാവുന്നതിനാല്‍ ജനങ്ങള്‍ പുറത്തിറങ്ങി നഗ്‌ന നേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കുകയും മിനുട്ടുകള്‍ക്കകം പൂര്‍ണ ഗ്രഹണം അവസാനിച്ച് സൂര്യരശ്മികള്‍ കണ്ണിലേക്ക് നേരിട്ടെത്തുകയും ചെയ്യും. പ്രകാശമില്ലാത്ത സമയത്ത് നേത്ര ഭാഗങ്ങള്‍ വികസിക്കുന്നതിനാല്‍ പൂര്‍ണ ഗ്രഹണത്തിന് ശേഷം പെട്ടെന്ന് തന്നെ വലിയ അളവില്‍ സൂര്യരശ്മികള്‍ പതിക്കുന്നത് കാഴ്ചയെ പ്രതികൂലമായി ബാധിക്കും. ഇത് തടയുന്നതിനായി ശാസ്ത്രീയമായി മാത്രമേ ഗ്രഹണം നിരീക്ഷിക്കാന്‍ പാടുള്ളുവെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad