Type Here to Get Search Results !

Bottom Ad

ഹര്‍ത്താലിനിടെ പരക്കെ അക്രമം: വാഹനങ്ങള്‍ തടഞ്ഞു, കാസര്‍കോട്ട് പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞു


കേരളം (www.evisionnews.co): ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമം. ഹര്‍ത്താല്‍ അനുകൂലികള്‍ പലയിടങ്ങളിലും ബസുകള്‍ തടയുകയും ചിലയിടങ്ങളില്‍ ബസുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പല ജില്ലകളിലും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരെ കരുതല്‍ തടങ്കലിലാക്കി.

കാസര്‍കോട് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. ഹര്‍ത്താലനുകൂലികള്‍ നടത്തിയ മാര്‍ച്ചില്‍ വാഹനങ്ങള്‍ തടഞ്ഞതോടെ പോലീസ് മാര്‍ച്ച് തടഞ്ഞു. ഒരാളെ കസ്റ്റഡിയിലെടുത്തു. വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. പാലക്കാട് വാഹനങ്ങള്‍ തടയാനെത്തിയവര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. കോഴിക്കോട് കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ച രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നഗരത്തില്‍ പ്രകടനം നടത്തിയ മുപ്പതോളം എസ്ഡിപിഐ പ്രവത്തകരെ അറസ്റ്റ് ചെയ്തു നീക്കി. കണ്ണൂരില്‍ ദേശീയപാത ഉപരോധിച്ച വെല്‍ഫയര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. 65ലധികം പേരെ പോലീസ് കരുതല്‍ തടങ്കലില്‍ എടുത്തിരിക്കുകയാണ്.

ആലുവ കുട്ടമശ്ശേരിയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്ത് നിന്ന് മൂന്നാറിലേക്ക് വന്ന മിന്നല്‍ ബസിന് നേരെ പുലര്‍ച്ചെ 3.50നാണ് കല്ലേറുണ്ടായത്. ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. ആലപ്പുഴയില്‍ ബസിന്റെ താക്കോല്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ഊരിയെടുത്തു.

രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വെല്‍ഫയര്‍ പാര്‍ട്ടി, എസ്ഡിപിഐ, ബിഎസ്പി, ഡിഎച്ച്ആര്‍എം, പോരാട്ടം തുടങ്ങിയ സംഘടനകളാണ് ഇന്നത്തെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മുന്‍കൂര്‍ അനുമതി ഇല്ലാത്തതിനാല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 







Post a Comment

0 Comments

Top Post Ad

Below Post Ad