Type Here to Get Search Results !

Bottom Ad

ഉദ്യോഗസ്ഥരുടെ അനാസ്ഥ: കലക്ട്രേറ്റില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത് 20744 ഫയലുകള്‍


കാസര്‍കോട് (www.evisionnews.co): കാസര്‍കോട്  കലക്ട്രേറ്റില്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നത് ഇരുപതിനായിരത്തിലേറെ ഫയലുകള്‍. ഇതുസംബന്ധിച്ച് വിവരാവകാശം വഴി ലഭിച്ച മറുപടിയിലാണ് ജില്ലാ ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വം വിളിച്ചുപറയുന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവന്നത്്. കാസര്‍കോട് കലക്ട്രേറ്റിലെ വിവിധ സെക്ഷനുകളില്‍ 20744 ഫയലുകളാണ് തീരുമാനാമാവാതെ കിടക്കുന്നത്. മേലുദ്യോഗസ്ഥരടക്കമുള്ള ജീവനക്കാരുടെ കെടുകാര്യസ്ഥയുടെ ആഴമാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. 

കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ കല്‌ക്ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും അഞ്ചുവര്‍ഷമായി കെട്ടിക്കിടക്കുന്ന ഫയലുകളെത്രയെന്ന എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ചോദ്യത്തിന് 3903 ഫയലുകളാണെന്നും ഓരോ സെക്ഷനിലും തീര്‍പ്പാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയിട്ടുവരുന്നതായും റവന്യൂ മന്ത്രി മറുപടി നല്‍കിയിരുന്നു. എന്നാല്‍ നാള്‍ക്കു നാള്‍ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം പതിന്മടങ്ങ് വര്‍ധിക്കുന്നതായാണ് പുതിയ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. 

ജില്ലയിലെ താലൂക്ക് ഓഫീസുകളിലെയും സ്ഥിതി ഇതുതന്നെയാണ്. ആയിരക്കണക്കിന് ഫയലുകള്‍ അവിടെയും കെട്ടിക്കിടക്കുന്നുണ്ട്. ഭൂമി പതിവ്, ഭൂസംരക്ഷണം, മിച്ചഭൂമി എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് കെട്ടിക്കിടക്കുന്നതില്‍ കൂടുതലും. നിയമാനുസൃതമായ നടപടി ക്രമങ്ങള്‍ മൂലമാണ് തീര്‍പ്പാക്കുന്നതിന് കാലതാമസമുണ്ടാക്കുന്നതെന്നാണ് ബന്ധപ്പെട്ടവരില്‍ നിന്നുള്ള വിശദീകരണം. 

കലക്ട്രേറ്റിന്റെ പുറംമോടി കൂട്ടാന്‍ തിടുക്കം കാണിക്കുന്നവര്‍ അകത്ത് അലമാരകളില്‍ തീരുമാനമെടുക്കാതെ ബാക്കിയായ പൗരന്റ അടിയന്തിര ആവശ്യങ്ങളെപ്പറ്റി കണ്ണടക്കുകയാണെന്നാണ് ആക്ഷേപം. 

Post a Comment

0 Comments

Top Post Ad

Below Post Ad