കാസര്‍കോട് (www.evisionnews.co): ചെങ്കള ഗ്രാമപഞ്ചായത്ത് പരിധിയിലെ ഇന്ദിരനഗറില്‍ നവംബര്‍ 13ന് ആരംഭിച്ച മലബാര്‍ എക്സ്പോയില്‍ നടന്ന അപകടമെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നതായി പരാതി. ഇതു സംബന്ധിച്ച് എക്‌സ്‌പോ അധികൃതര്‍ ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി.
റൈഡ് ഐറ്റംസില്‍ നിന്നും അപകടം സംഭവിക്കുന്നതും ഗുരുതരമായി പരിക്കേറ്റ വ്യക്തിയെ രക്ഷപ്പെടുത്താന്‍ ഒരുകൂട്ടം ആളുകള്‍ ശ്രമിക്കുകയും ചെയ്യുന്ന കരളലിയിപ്പിക്കുന്ന 18 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് മലബാര്‍ എക്സ്പോയില്‍ നടന്ന അപകടം എന്ന അടിക്കുറിപ്പോടെ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ഒരു എക്സിബിഷന്‍ സംഘടിപ്പിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ 100 ശതമാനവും പാലിച്ചുകൊണ്ടാണ് ഇന്ദിരാനഗറിലെ എക്സിബിഷന്‍ നടത്തുന്നതെന്നും ഇതിനായി സര്‍ക്കാരില്‍ നിന്നും മുന്‍കൂര്‍ അനുമതിയും തേടിയിട്ടുള്ളതാണെന്നും പരാതിയില്‍ പറയുന്നു.
അതേസമയം ഒരു റൈഡ് ഉപകരണത്തിലും അപകടം സംഭവിക്കുകയോ ആര്‍ക്കും പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല. ലക്ഷങ്ങള്‍ മുതല്‍ മുടക്കി സംഘടിപ്പിച്ചിട്ടുള്ള എക്സ്പോ മറ്റു സംസ്ഥാനങ്ങളിലെ തൊഴിലാളികളടക്കം 200പാവപ്പെട്ടവരുടെ സ്ഥിരം ജീവിതമാര്‍ഗം കൂടിയാണ്. സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജ പ്രചാരണം എക്സിബിഷന്‍ നടത്തിപ്പിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ബന്ധപ്പെട്ടവര്‍ പരാതിപ്പെട്ടു.
Post a Comment
0 Comments