Type Here to Get Search Results !

Bottom Ad

കൃഷി ഓഫീസുകളില്‍ ഉദ്യോഗസ്ഥരില്ല: സര്‍ക്കാര്‍ നടപടി ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കത്തയച്ചു

കാസര്‍കോട് (ww.evisionnews.co): ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ പ്രവര്‍ത്തനം അവതാളത്തിലായ ജില്ലയിലെ കൃഷിഭവനുകളില്‍ നിയമനത്തിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ സര്‍ക്കാറിന് കത്തയച്ചു. ജില്ലയിലെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കൃഷിഭവനുകള്‍ കൃഷി ഓഫീസര്‍മാരില്ലാതെ അനാഥാവസ്ഥയിലാണെന്ന് കൃഷിമന്ത്രി അഡ്വ. വി എസ് സുനില്‍കുമാറിനയച്ച കത്തില്‍ പറയുന്നു.

പിന്നാക്ക ജില്ലയായ കാസര്‍കോട്ട് എട്ടോളം കൃഷി ഓഫീസര്‍മാരില്ല. അതേസമയം, ബേഡഡുക്ക കൃഷിഭവനിലെ കൃഷി ഓഫീസര്‍ വര്‍ക്ക് അറേഞ്ച്മെന്റില്‍ തൃശൂര്‍ ജില്ലയിലെ ആതിരപ്പള്ളി പട്ടികവര്‍ഗ സ്പെഷ്യല്‍ സെക്ടര്‍ പ്രോജക്ടിലാണ് ജോലി ചെയ്യുന്നത്. ജോലി ആതിരപ്പള്ളിയിലാണെങ്കിലും ശമ്പളം ബേഡഡുക്കയില്‍നിന്നാണ്. ആദൂര്‍ കശുവണ്ടി ഫാമില്‍ നാഥനില്ലാതായത് ഓഫീസറെ തസ്തികയോടെ തന്നെ തിരുവനന്തപുരത്തേക്ക് മാറ്റിയതോടെയാണ്. ജൈവ ജില്ലയായ കാസര്‍കോട്ട് നീണ്ട കാലത്തെ മുറവിളിക്ക് ശേഷം സര്‍ക്കാര്‍ അനുവദിച്ച മണ്ണ് പരിശോധനാ വണ്ടി ഡ്രൈവറില്ലാതെ നോക്കുകുത്തിയായി. ഡ്രൈവര്‍ തസ്തികപോലും അനുവദിച്ചിട്ടില്ല. 

കൃഷിവകുപ്പില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നിരവധി ഡ്രൈവര്‍മാര്‍ ജോലിയില്ലാതെ ശമ്പളം പറ്റുന്നുണ്ടെങ്കിലും അവരെ വര്‍ക്ക് അറേഞ്ച്മെന്റില്‍പോലും കാസര്‍കോട് ജില്ലയിലേക്ക് നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള കാസര്‍കോട്, പുല്ലൂര്‍ സ്റ്റേറ്റ് സീഡ് ഫാമുകള്‍ നാഥനില്ലാ കളരിയായി മാസങ്ങള്‍ പിന്നിട്ടു. ഫാം പ്രവര്‍ത്തനങ്ങള്‍ ഇവിടെ കുത്തഴിഞ്ഞ നിലയിലാണ്. നിരവധി ഓഫീസര്‍മാരാണ് കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ ഇവിടെ ചുമതലയേറ്റ് സ്ഥലംമാറിപ്പോയത്. പ്രമോഷനാകുന്നവര്‍ക്ക് ചുമതലയേല്‍ക്കാനുള്ള ഇടത്താവളമായി മാത്രം കാസര്‍കോട് ജില്ലയെ കാണുന്നത് ഖേദകരമാണ്. ഒഴിവുകള്‍ നികത്താനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും എ.ജി.സി ബഷീര്‍ കത്തില്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad