Type Here to Get Search Results !

Bottom Ad

പെരിയ ഇരട്ടക്കൊല്: മുഴുവന്‍ കേസ് ഫയലുകളും സി.ബി.ഐ കോടതിക്ക് കൈമാറാന്‍ ഉത്തരവ്


കാസര്‍കോട് (www.evisionnews.co): പെരിയ കല്ല്യോട്ട് ഇരട്ടക്കൊല കേസിന്റെ കുറ്റപത്രം ഉള്‍പ്പെടെ കേസിന്റെ മുഴുവന്‍ ഫയലുകളും എറണാകുളം സി.ബി.ഐ കോടതിക്ക് കൈമാറാന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്ല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറും കുറ്റപത്രവും മറ്റ് രേഖകളുമാണ് സി.ബി.ഐ കോടതിക്ക് കൈമാറേണ്ടത്. 

ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകും. ശരത്ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങള്‍ സമര്‍പ്പിച്ച ഹരജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കുകയും അന്വേഷണം സി.ബി.ഐക്ക് വിടാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് അനാസ്ഥ കാണിച്ചതോടെ ഹൈക്കോടതി വീണ്ടും ഇടപെടുകയും അന്വേഷണ ചുമതല സി.ബി.ഐയെ ഏല്‍പിക്കുകയും ചെയ്തു. 

പ്രാഥമികാന്വേഷണം ആരംഭിച്ച സി.ബി.ഐ ഇരട്ടക്കൊലക്കേസിന്റെ ഫയലുകള്‍ എറണാകുളം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ജില്ലാകോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെയാണ് ജില്ലാകോടതി കേസ് പരിഗണിച്ച ശേഷം ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

കേസ് ഫയലുകള്‍ എറണാകുളത്തെ സി.ജെ.എം കോടതിലേക്കായിരിക്കും അയക്കുക. അവിടെ നിന്ന് സി.ബി.ഐയുടെ പ്രത്യേക കോടതിക്ക് കൈമാറും. അതിനിടെ അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിന് നല്‍കിയ അപ്പീലില്‍ വാദം നടന്നുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഡിവിഷന്‍ ബഞ്ചിന്റെ തീരുമാനം കൂടി പുറത്തുവന്നാല്‍ മാത്രമേ സി.ബി.ഐയുടെ അന്വേഷണം ഊര്‍ജിതമാകുകയുള്ളൂ.

Post a Comment

0 Comments

Top Post Ad

Below Post Ad