ചണ്ഡീഗഢ് (www.evisionnews.co): യു.എസിലെ ഹൂസ്റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്താനിരിക്കുന്ന 'ഹൗഡി മോദി' റാലിക്കു ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഹൂസ്റ്റണ്‍ സിറ്റി കോടതി അദ്ദേഹത്തിനെതിരെ സമന്‍സ് പുറപ്പെടുവിച്ചു. മോദിയുടെ ഏകപക്ഷീയമായ നടപടിയാണ് കശ്മീരില്‍ സൈനിക നടപടിയുണ്ടാക്കിയതെന്നാരോപിച്ചാണ് യു.എസില്‍ താമസിക്കുന്ന രണ്ട് കശ്മീരികള്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ഹൂസ്റ്റണ്‍ ക്രോണിക്കിള്‍ എന്ന ദിനപത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്. കശ്മീരിലെ സൈനികനടപടികള്‍ മനുഷ്യാവകാശ ലംഘനത്തിലേക്കു നയിച്ചെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. 'കശ്മീര്‍ ഖാലിസ്ഥാന്‍ റെഫറന്‍ഡം ഫ്രണ്ട്' എന്ന സംഘടനയുടെ പേരിലാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
മോദിക്കു പുറമേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ലെഫ്. ജനറല്‍ കന്‍വല്‍ ജീത് സിങ് ധില്ലന്‍ എന്നിവരെയും പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് ഹരജി. കശ്മീരില്‍ ഭരണകൂട കൊലപതാകങ്ങള്‍ നടന്നെന്നും മനുഷ്യത്വത്തിനു നേര്‍ക്ക് കുറ്റകൃത്യങ്ങള്‍ അരങ്ങേറിയെന്നും അവര്‍ ആരോപിക്കുന്നു. 73പേജുള്ള ഹരജിയാണിത്.

Post a Comment
0 Comments