കേരളം (www.evisionnews.co): നാലു മണിക്കൂറില്‍ കാസര്‍കോട് നിന്നും തിരുവനന്തപുരം വരെ യാത്ര ചെയ്യാവുന്ന അതിവേഗ റെയില്‍ ഇടനാഴി പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. പദ്ധതി 2024-ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ഗതാഗത രംഗത്ത് വന്‍ വികസനത്തിന് വഴിയൊരുക്കുന്ന പദ്ധതിയ്ക്കാണ് സര്‍ക്കാരിന്റെ പച്ചക്കൊടി ലഭിച്ചിരിക്കുന്നത്. അതിവേഗ തീവണ്ടിയില്‍ തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് എത്താന്‍ നാലു മണിക്കൂറും തിരുവനന്തപുരം എറണാകുളം യാത്രക്ക് ഒന്നരമണിക്കൂറും മാത്രം മതിയാകും.
തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്നും തുടങ്ങി കാസര്‍കോട്് വരെ 532 കിലോമീറ്റര്‍ ദൂരത്തില്‍ പൂര്‍ത്തിയാക്കുന്ന റെയില്‍ പാതയിലൂടെ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത്തിലായിരിക്കും ട്രെയിന്‍ ഓടുന്നത്. 66,079 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 7720 കോടി വീതം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതമായി ലഭിക്കും. 34454 കോടി രൂപ വായ്പകളിലൂടെ സ്വരൂപിക്കും. ഭൂമി ഏറ്റെടുക്കലിനായി സര്‍ക്കാര്‍ 8656 കോടി ചെലവാക്കേണ്ടി വരും. ആകെ 1200 ഹെക്ടര്‍ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കേണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് പദ്ധതിയുടെ നിര്‍മാണചുമതല. 11 ജില്ലകളിലൂടെ കടന്നുപോകുന്ന പാതയില്‍ 10 സ്റ്റേഷനുകളുണ്ടാകും. തിരുവനന്തപുരം, നെടുമ്പാശേരി വിമാനത്താവളങ്ങളും പാതയുടെ പരിധിയില്‍ വരും. 2018 ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്.

Post a Comment
0 Comments