ന്യൂഡല്‍ഹി (www.evisionnews.co): കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ഭരണപക്ഷത്തിന് ആശ്വാസമായി സുപ്രീം കോടതി വിധി. വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് ഉചിതമായ തീരുമാനമെടുക്കാം. എന്നാല്‍ നിയമസഭ നടപടികളില്‍ പങ്കെടുക്കാന്‍ വിമത എംഎല്‍എമാരെ നിര്‍ബന്ധിക്കരുതെന്നും കോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണു വിധി.
അയോഗ്യരാക്കാന്‍ കാരണമില്ലെന്നും രാജിയില്‍ നിശ്ചിത സമയത്തിനകം തീരുമാനമെടുക്കാന്‍ സ്പീക്കറോടു നിര്‍ദേശിക്കണമെന്നും എംഎല്‍എമാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി ആവശ്യപ്പെട്ടിരുന്നു. കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കപ്പെടുന്നത് ഒഴിവാക്കാനാണു രാജിയെന്നു സ്പീക്കര്‍ക്കുവേണ്ടി വാദിച്ച അഭിഷേക് സിങ്വി പറഞ്ഞു. സ്പീക്കറോടു സമയപരിധി നിര്‍ദേശിക്കാനോ, രാജിയിലും അയോഗ്യതയിലും തീരുമാനമെടുക്കരുതെന്ന് ഉത്തരവിടാനോ കോടതിക്ക് അധികാരമില്ലെന്നും കഴിഞ്ഞദിവസത്തെ ഉത്തരവുകള്‍ പരിധിവിട്ടതാണെന്നും മുഖ്യമന്ത്രി കുമാരസ്വാമിക്കുവേണ്ടി രാജീവ് ധവാന്‍ വാദിച്ചു.
രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നടപടിക്കെതിരെയാണു 10 വിമത എംഎല്‍എമാര്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച കോടതി രാജിയില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ ആദ്യം ഉത്തരവിട്ടു. എന്നാല്‍ സ്പീക്കറുടെ വാദം കേള്‍ക്കാതെയുള്ള ഉത്തരവ് നിയമവിരുദ്ധമാണെന്നും രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കാന്‍ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി സ്പീക്കറും കോടതിയെ സമീപിച്ചു. ഇതോടെ സ്പീക്കറുടെ അധികാരത്തിലേക്കും അതില്‍ കോടതിക്ക് ഇടപെടാന്‍ കഴിയുമോ എന്നതിലേക്കും വാദം നീണ്ടു. വ്യാഴാഴ്ചയാണ് കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്.

Post a Comment
0 Comments