ജിദ്ദ (www.evisionnews.co): ലോകത്ത് ഇന്ന് നടന്നുകൊണ്ടിരിക്കുന്ന വളണ്ടിയര്‍ സേവന രംഗത്ത് നിന്നും വേറിട്ടുനില്‍ക്കുന്ന അതിശയിപ്പിക്കുന്ന ഒരു വളണ്ടിയര്‍ സേവനമാണ് ഹജ്ജ് വളണ്ടിയര്‍ സേവനമെന്ന് കെഎംസിസി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ പറഞ്ഞു. കെ.എം.സി.സി ജിദ്ദ കാസര്‍കോട് ജില്ലാ ഹജ്ജ് വളണ്ടിയര്‍ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദശ ലക്ഷങ്ങള്‍ ഹജ്ജിന്റെ വിവിധ സ്ഥലങ്ങളില്‍ വേറിട്ട ആരാധനാ കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വിഷമങ്ങള്‍ പരിഹരിക്കുന്നതോടൊപ്പം വഴി തെറ്റിയവര്‍ക്ക് വഴി കാട്ടിയായും ദാഹിച്ചു വരുന്നവര്‍ക്കും വിശക്കുന്നവര്‍ക്കും വെള്ളവും ഭക്ഷണവും നല്‍കിയും രോഗികളായ ഹാജിമാരെ ചികിത്സ നല്‍കാന്‍ സഹായിച്ചും ഹജ്ജ് വളണ്ടിയര്‍മാര്‍ ചെയ്യുന്ന സേവനങ്ങള്‍ വിലമതിക്കാന്‍ കഴിയാത്ത കര്‍മങ്ങള്‍ തന്നെയാണെന്ന് അന്‍വര്‍ പറഞ്ഞു.
ലോകം കണ്ടുകൊണ്ടിരിക്കുന്ന അതിശയിപ്പിക്കുന്ന ഹജ്ജ് വളണ്ടിയര്‍ സേവനം ചെയ്യാന്‍ അവസരം ലഭിക്കുന്ന ഓരോ വിശ്വാസിയും മഹാ ഭാഗ്യവാന്‍മാരാണ് എന്നതില്‍ ഒരു തര്‍ക്കവുമില്ല. ഹജ്ജ് കര്‍മം കൊണ്ട് ഹാജിമാര്‍ ശിശു ഹൃദയം പോലെ നൈര്‍മല്യമാകുന്നതു പോലെ അവര്‍ക്ക് വേണ്ടി ത്യാഗ സേവനം ചെയ്യുന്ന ഹജ്ജ് വോളണ്ടിയര്‍മാര്‍ നിസ്വാര്‍ത്ഥത, നിഷ്‌കളങ്കത, സഹോദര സ്‌നേഹം എന്നീ സ്വഭാവ മഹിമയുടെ മാലാഖമാരായിത്തീരുകയാണ് ചെയ്യുന്നതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
ഷറഫിയ കെ.എം.സി.സി ഓഫിസില്‍ നടന്ന ചടങ്ങ് റഹീം പള്ളിക്കര അധ്യക്ഷത വഹിച്ചു. ഹാജിമാര്‍ക്ക് ചെയ്യേണ്ട സേവനത്തെ കുറിച്ച് വിവരിക്കുകയും പരിശീലനം നല്‍കുകയും ചെയ്തു. അബ്ദുല്‍ ഖാദര്‍ മിഹ്‌റാജ്, ഖാദര്‍ ചെര്‍ക്കള, മുഹമ്മദലി ഹൊസങ്കടി, ഹാരിസ് മൊഗ്രാല്‍, അബ്ദു പെര്‍ള, ബുനിയാം ഒറവങ്കര, അഷറഫ് പാക്യാര, കായിഞ്ഞി ചെമ്മനാട്, യാസീന്‍ ചിത്താരി സംസാരിച്ചു മസൂദ് സേട്ട് തളങ്കര സ്വാഗതവും അസീസ് ഉപ്പള നന്ദിയും പറഞ്ഞു.

Post a Comment
0 Comments