(www.evisionnews.co) രാജ്യത്തെ നടുക്കിയ കത്വ പീഡനക്കേസില്‍ ആറ് പേര്‍ കുറ്റക്കാരെന്ന് വിധി. പത്താന്‍കോട്ട് ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. സഞ്ജി റാം, അയാളുടെ മകന്‍ വിശാല്‍, തിലക് രാജ്, രണ്ട് സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായ ദീപക് ഖജൂരിയ, സുരേന്ദര്‍ വര്‍മ്മ, അവരുടെ സുഹൃത്തായ പര്‍വേശ് കുമാര്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ഈ അഞ്ച് പേരെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഐപിസി 302, 376, 201, 12 ബി എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്. കേസിൽ ഒരാളെ കോടതി വെറുതെ വിട്ടു.
സുപ്രീം കോടതി ഉത്തരവ് പ്രകാരം വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് വിചാരണ ആരംഭിച്ചത് . 275 സിറ്റിങ്ങുകള്‍ ഉണ്ടായ കേസില്‍ 132 സാക്ഷികളെയാണ് ഇതുവരെ വിസ്തരിച്ചത്. നഗരത്തിലും കോടതിക്ക് സമീപത്തും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഇരയുടെ കുടുംബത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് കേസ് ജമ്മു കശ്മീരില്‍ നിന്നും പത്താന്‍കോട്ടിലേക്ക് മാറ്റിയത്. കഴിഞ്ഞ ഏപ്രിലില്‍ കേസില്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചാര്‍ജ്ഷീറ്റ് സമര്‍പ്പിക്കുന്നത് ചില അഭിഭാഷകര്‍ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു കേസ് ജമ്മുകശ്മീരില്‍ നിന്ന് പത്താന്‍കോട്ടിലേക്ക് മാറ്റാന്‍ കുടുംബം, ആവശ്യപ്പെട്ടത്.
കേസിന്റെ വിചാരണ ജൂൺ മൂന്നിനാണ് അവസാനിച്ചത്. സഞ്ജി റാമിൽ നിന്ന് നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങി കേസിലെ തെളിവുകൾ നശിപ്പിച്ചു എന്നതാണ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയിരുന്ന കുറ്റം.
2018 ജനുവരി 17നാണ് ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ഒരു ഗ്രാമത്തില്‍ എട്ടു വയസ്സുകാരി പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Post a Comment
0 Comments