Type Here to Get Search Results !

Bottom Ad

കെ. സുരേന്ദ്രന്‍ ഇലക്ഷന്‍ കേസ് പിന്‍വലിച്ചു: 42000 രൂപ കോടിതിയില്‍ അടക്കണമെന്ന് സുരേന്ദ്രനോട് ഹൈക്കോടതി


കൊച്ചി (www.evisionnews.co): മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. പി.ബി അബ്ദുറസാഖിന്റെ വിജയത്തിനെതിരെ നല്‍കിയിരുന്ന ഹര്‍ജി ബിജെപി സ്ഥാനാര്‍ഥിയായ കെ. സുരേന്ദ്രന്‍ പിന്‍വലിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഹര്‍ജി പിന്‍വലിക്കണമെന്ന സുരേന്ദ്രന്റെ ആവശ്യം കോടതി അംഗീകരിച്ചു. അതേസമയം കേസിന്റെ ആവശ്യത്തിനായി ചിലവായ 42,000 രൂപ കെ. സുരേന്ദ്രന്‍ അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു.

ഹര്‍ജി പിന്‍വലിച്ചതിനാല്‍ പാല അടക്കമുള്ള മണ്ഡലങ്ങള്‍ക്കൊപ്പം മഞ്ചേശ്വരത്തും ഉപതിരഞ്ഞെടുപ്പ് നടക്കും. പി.ബി അബ്ദുറസാഖ് മരിച്ച് ആറുമാസമായിട്ടും ഇവിടെ തിരഞ്ഞെടുപ്പ് നടക്കാതിരുന്നത് സുരേന്ദ്രന്റെ ഹര്‍ജിയെ തുടര്‍ന്നാണ്. 87 വോട്ടുകള്‍ക്ക് തന്നെ തോല്‍പ്പിച്ചത് കള്ളവോട്ടിലൂടെയായിരുന്നുവെന്നാണ് സുരേന്ദ്രന്റെ ആരോപണം. കേസിലെ സാക്ഷികളായ മുഴുവന്‍ ആളുകളെയും ഹാജരാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിന് നിരവധി സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായതിനെതുടര്‍ന്ന് തീരുമാനം നീണ്ടുപോയി. ഗസറ്റില്‍ വിജ്ഞാപനം ചെയ്യാതെ ഹര്‍ജി പിന്‍വലിക്കാന്‍ കഴിയാതെ വന്നതോടെ നടപടി ക്രമങ്ങള്‍ നീണ്ടുപോയി. ഒടുവില്‍ ജസ്റ്റിസ് സുനില്‍ തോമസ് മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് അവസാനിപ്പിച്ചുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു.

ഹൈക്കോടതി നടപടികള്‍ ഉടന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. ഇതോടെ ഒഴിവുള്ള മറ്റ് നിയമസഭാ മണ്ഡലങ്ങള്‍ക്കൊപ്പം മഞ്ചേശ്വരത്തും ഉപതിരഞ്ഞെടുപ്പ് നടക്കും. പാല, എറണാകുളം, അരൂര്‍, കോന്നി എന്നീ മണ്ഡലങ്ങളിലാണ് ഇനി ഉപതിരഞ്ഞെടുപ്പ് നടക്കുക. കെ. മുരളീധരന്‍ വിജയിച്ച വട്ടിയൂര്‍കാവില്‍ കുമ്മനം രാജശേഖരന്റെ തിരഞ്ഞെടുപ്പ് ഹര്‍ജി കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ ഉപതിരഞ്ഞെടുപ്പിന് തടസമായി നില്‍ക്കുകയാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad