Type Here to Get Search Results !

Bottom Ad

റമസാനില്‍ ജോലി സമയം ഇളവ് പ്രഖ്യാപിച്ച് യു.എ.ഇ: സ്‌കൂള്‍ പ്രവൃത്തി സമയം അഞ്ചു മണിക്കൂര്‍


യു.എ.ഇ (www.evisionnews.co): യു.എ.ഇയില്‍ റമസാന്‍ മാസത്തില്‍ ജോലി സമയത്തില്‍ രണ്ടുമണിക്കൂറിന്റെ ഇളവ് അനുവദിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ കമ്പനികള്‍ക്കും ഇത് ബാധകമായിരിക്കും. യുഎഇ മാനവ വിഭവശേഷി മന്ത്രാലയം ആണ് ബുധനാഴ്ച ഇതിനായി സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. മുസ്ലിംകള്‍ അല്ലാത്തവര്‍ക്കും ജോലി സമയത്തില്‍ മുഴുവന്‍ ശമ്പളത്തോടുകൂടിയുള്ള ഇളവ് അനുവദിക്കണം.

യു.എ.ഇ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളില്‍ മേയ് ആറിനായിരിക്കും റമസാന്‍ വ്രതം ആരംഭിക്കുകയെന്നാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര ഗവേഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് ബാധകമായ പ്രവൃത്തി സമയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോരിറ്റിയുടെ നിര്‍ദേശപ്രകാരം രാവിലെ എട്ടിനും 8.30നും ഇടയ്ക്ക് സ്‌കൂള്‍ പ്രവൃത്തിസമയം ആരംഭിക്കും. ഉച്ചയ്ക്ക് ഒന്നിനും 1.30നും ഇടയ്ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കണം. ഇടയ്ക്ക് ചെറിയ ഇടവേളകള്‍ നല്‍കുകയും വേണം.

സ്‌കൂളുകളുടെ പരമാവധി പ്രവൃത്തി സമയം അഞ്ച് മണിക്കൂറില്‍ കൂടുതലാവാന്‍ പാടില്ല. നോമ്പെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫിസിക്കല്‍ എജുക്കേഷന്‍ ക്ലാസുകളില്‍ നിന്നും ശാരീരിക അധ്വാനം ആവശ്യമുള്ള മറ്റ് പ്രവൃത്തികളില്‍ നിന്നും ഇളവ് അനുവദിക്കണം. എന്നാല്‍ ഇത് അവരുടെ ഗ്രേഡുകളെയോ പ്രകടനത്തേയോ ബാധിക്കാന്‍ പാടില്ല. കുട്ടികള്‍ക്ക് ക്ഷീണമോ നിര്‍ജലീകരണമോ ഉണ്ടാകാതെ സൂക്ഷിക്കണമെന്നും നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad