Type Here to Get Search Results !

Bottom Ad

സാബിത്ത് വധക്കേസ്: മുഴുവന്‍ പ്രതികളെയും വെറുതെവിട്ട വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ ഒരാഴ്ച്ചക്കകം

കാസര്‍കോട് (www.evisionnews.co): ചൂരി മിപ്പുഗിരിയിലെ സാബിത്ത് (17)നെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ട വിധിക്കെതിരെ ഹൈക്കോടതിയില്‍ ഒരാഴ്ച്ചക്കകം അപ്പീല്‍ നല്‍കും. ഇക്കാര്യത്തില്‍ നിയമവൃത്തങ്ങളുമായി കുടുംബം ചര്‍ച്ച നടത്തി. കേസില്‍ വിചാരണ നേരിട്ട മുഴുവന്‍ പ്രതികളെയും വെറുതെവിട്ട കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പോലീസിന്റെ വീഴ്ചകള്‍ മാത്രം മുന്‍നിര്‍ത്തി പ്രതികളെ വെറുതെ വിടുന്നതിന് സാധൂകരണമില്ലെന്നാണ് കേസില്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. മുഹമ്മദ് പറയുന്നത്. ദൃക്സാക്ഷി മൊഴി പൂര്‍ണമായും വിശ്വാസയോഗ്യമല്ലെന്നും അതിനെ ആധാരമാക്കി പ്രതികളെ ശിക്ഷിക്കാന്‍ കഴിയില്ലെന്നുമാണ് കോടതി വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടുന്നത്. 

തെളിവുകള്‍ ശേഖരിക്കുന്നതില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും പ്രത്യേകം എടുത്തു പറഞ്ഞിരുന്നു. കോടതി വിധിയിലെ പോരായ്മ ചൂണ്ടിക്കാട്ടിയായിരിക്കും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയെന്ന് അഡ്വ. മുഹമ്മദ് വ്യക്തമാക്കി. ഒന്നാം പ്രതിയെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കിയില്ലെന്നും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രണ്ടാം പ്രതിയെ പത്തു വര്‍ഷം മുമ്പ് തന്നെ ദൃക്സാക്ഷിക്ക് അറിയാമെന്നതു കൊണ്ട് രണ്ടാം പ്രതിയെ തിരിച്ചറിഞ്ഞുവെന്നത് വിശ്വസിക്കാന്‍ കഴിയില്ലെന്നും കോടതി നിഗമനത്തിലെത്തിയിരുന്നു.

വിധിക്കെതിരെ അപ്പീല്‍ നല്‍കി ശിക്ഷ ഉറപ്പാക്കാനുള്ള പ്രവര്‍ത്തനമാണ് തുടരുകയെന്നും ആക്ഷന്‍ കമ്മിറ്റിയും വ്യക്തമാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad