കാസര്‍കോട് (www.evisionnews.co): സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടു റാങ്കുകള്‍ കാസര്‍കോടിന് സ്വന്തം. 49-ാം റാങ്കുമായി രഞ്ജിന മേരിവര്‍ഗ്ഗീസും 210-ാം റാങ്കുമായി നിധിന്‍ രാജും ജില്ലയുടെ അഭിമാനമായത്. ബദിയടുക്കയിലെ പെരഡാല എന്ന ഗ്രാമത്തില്‍ നിന്നും കഠിനമായ പരിശ്രമത്തിലൂടെയാണ് രഞ്ജിന നേട്ടം കൈവരിച്ചത്. ബദിയടുക്ക ഹോളിഫാമിലി സ്‌കൂള്‍ അധ്യാപകന്‍ വിരാളശേരി വര്‍ഗ്ഗീസിന്റെയും തുണിയമ്പ്രയില്‍ തെരേസയുടെയും മകളാണ് രഞ്ജിന മേരിവര്‍ഗ്ഗീസ്.
തമിഴ്‌നാട്ടിലെ പെരുന്തുറ കൊങ്കു എഞ്ചിനീയറിംഗ് കോളജില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദമെടുത്ത രഞ്ജിന ചെന്നൈയില്‍ ഇറ്റാലിയന്‍ എണ്ണക്കമ്പനിയില്‍ ജോലി ചെയ്തിരുന്ന കാലത്താണ് കൂട്ടുകാരികള്‍ക്കൊപ്പം ആദ്യം സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയിരുന്നത്. തുടര്‍ന്ന് ജോലി ഉപേക്ഷിച്ച രഞ്ജിന ഐ.എഫ്.എസ് ലക്ഷ്യം വെച്ച് സിവില്‍ സര്‍വീസ് പരീക്ഷയെഴുതാന്‍ തീരുമാനിക്കുകയായിരുന്നു. ഈ പരീക്ഷയിലാണ് വന്‍വിജയം നേടിയിരിക്കുന്നത്. തളിപ്പറമ്പ് ചെമ്പന്തൊട്ടി സ്വദേശിയായ വര്‍ഗീസ് കഴിഞ്ഞ വര്‍ഷമാണ് കുടുംബസമേതം ബദിയടുക്കയിലേക്ക് താമസം മാറ്റിയത്. ആന്റണി (എറണാകുളം റോയല്‍ സുന്ദരം കമ്പനി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍), എലിസബത്ത് വര്‍ഗ്ഗീസ് (വെറ്ററിനറി ഡോക്ടര്‍ ചെന്നൈ) എന്നിവര്‍ സഹോദരങ്ങളാണ്.
210-ാം റാങ്ക് നേടിയ നിഥിന്‍ രാജ് എന്ന സാധാരണ വിദ്യാര്‍ത്ഥിയുടെ അസാധാരണ നേട്ടത്തില്‍ ആഹ്ലാദിക്കുകയാണ് രാവണേശ്വരം. എക്കാല്‍ കെ. രാജേന്ദ്രന്‍ നമ്പ്യാരുടെയും പി. ലത രാജേന്ദ്രന്റെയും മകനാണ് നിഥിന്‍. അശ്വതി സഹോദരിയാണ്. സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചുവളര്‍ന്ന് നാട്ടിന്‍പുറത്തെ ക്ലബും വായനശാലയുമായി വളര്‍ന്ന നിഥിന് ഒറ്റലക്ഷ്യമായിരുന്നു മനസിലുണ്ടായിരുന്നു.
നിരവധി സംസ്ഥാന മത്സരങ്ങളില്‍ പ്രസംഗ മത്സരത്തില്‍ തിളങ്ങിയ നിഥിന്‍ രാജ് സംസ്ഥന സ്‌കൂള്‍ കലോത്സവങ്ങളില്‍ എ. ഗ്രേഡ് വിജയിയാണ്. വനം വന്യജീവി വകുപ്പ് പ്രസംഗ മത്സരം, സംസ്ഥാന ശാസ്ത്രമേള, സംസ്ഥാന സഹകരണ വകുപ്പ് പ്രസംഗ മത്സരങ്ങളില്‍ ഒന്നാമതായിരുന്നു. നാടക നടന്‍, മജിഷ്യന്‍ ഉപന്യാസ കാരന്‍ എന്നീ നിലകളിലും പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്, രാവണീശ്വരം സി അച്ചുതമേനോന്‍ ഗ്രസ്ഥാലയം, സെന്‍ട്രല്‍ യൂത്ത് ക്ലബ്ബ്, ശോഭന് ക്ലബ് പ്രവര്‍ത്തകനും കൂടിയാണ് നിഥിന്‍.
Post a Comment
0 Comments