Type Here to Get Search Results !

Bottom Ad

കാസര്‍കോട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് പി. കരുണാകരന്റ അസാന്നിധ്യം: പാര്‍ട്ടി വിലക്കെന്ന് ആക്ഷേപം


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തെ കഴിഞ്ഞ മൂന്നുതവണ പ്രതിനിധീകരിച്ച പി. കരുണാകരന്റെ എല്‍.ഡി.എഫ് പ്രചാരണ പരിപാടികളിലെ അസാന്നിധ്യം അണികള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.പി സതീഷ് ചന്ദ്രന്റെ മണ്ഡലം പര്യടനം രണ്ടാംഘട്ടത്തിലെത്തിയിട്ടും മുതിര്‍ന്ന നേതാവും പതിനഞ്ചു വര്‍ഷക്കാലം മണ്ഡലത്തിലെ പ്രതിനിധിയുമായ പി. കരുണാകരനെ പ്രചാരണ പരിപാടികളില്‍ സജീവമായി കാണാനില്ലാത്തതാണ് അണികള്‍ക്കിടയില്‍ ചര്‍ച്ച ഉയര്‍ന്നുവന്നിരിക്കുന്നത്.

മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പി. കരുണാകരന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയതായാണ് പുറത്തുവരുന്ന വിവരം. എം.പിയെന്ന നിലയില്‍ ജനസമ്മിതി നഷ്ടപ്പെട്ട കരുണാകരനെ മുന്നിലിറക്കി പ്രചാരണം നടത്തിയാല്‍ വോട്ടുകള്‍ ചോരുമെന്ന ഭയപ്പാടാണ് പാര്‍ട്ടിയുടെ ഈ നിലപാടിന് പിന്നിലെന്നാണ് അറിയുന്നത്. തുടര്‍ച്ചയായി മൂന്നുതവണ മണ്ഡലത്തെ പ്രതിനധീകരിച്ചിട്ടും കാര്യമായ വികസനം എത്തിക്കാനായില്ലെന്ന് പി. കരുണാകരനെതിരെ പാര്‍ട്ടി യോഗങ്ങളില്‍ തന്നെ നിരവധി തവണ ആരോപണമുയര്‍ന്നിരുന്നു. 

കഴിഞ്ഞ പാര്‍ലമെന്റില്‍ വോട്ട് കുറഞ്ഞതും പല തവണ പാര്‍ട്ടി എക്‌സിക്യൂട്ടീവിലും മറ്റും ചര്‍ച്ചയായിരുന്നു. 2009ല്‍ 64,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായ മണ്ഡലത്തില്‍ 2014ല്‍ മൂന്നാം അങ്കത്തിനിറങ്ങിയ പി. കരുണാകരന്‍ കേവലം 6921 വോട്ടിനാണ് യു.ഡി.എഫിലെ ടി. സിദ്ദിഖിനെതിരെ ജയിക്കാനായത്. ഭൂരിപക്ഷം കുറഞ്ഞതിന് പുറമെ ബി.ജെ.പിക്കുണ്ടായ വോട്ട് വര്‍ധനവും പാര്‍ട്ടി ഗ്രാമങ്ങളിലുണ്ടായ വോട്ടുചോര്‍ച്ചയും 2014ലെ തെരഞ്ഞെടുപ്പോടെ പാര്‍ട്ടി നേതൃത്വത്തെയും പ്രവര്‍ത്തകരെയും ആശങ്കയിലാഴ്ത്തിയിരുന്നു. കഴിഞ്ഞ തവണയും കരുണാകന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പാര്‍ട്ടിയിലും പുറത്തും വിയോജിപ്പ് സ്വരങ്ങള്‍ ഉയര്‍ന്നിരുന്നു. മറ്റൊരാളെ പരിചയപ്പെടുത്തുന്നതിലെ അപ്രായോഗികതമൂലം ഒരു തവണ കൂടി പി. കരുണാകരന് തന്നെ പാര്‍ട്ടി മത്സരിക്കാനുള്ള അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ ഇത്തവണ ഇന്നസെന്റ് അടക്കമുള്ള ഇടത് സിറ്റിംഗ് എം.പിമാരെല്ലാം മത്സരത്തിനിറങ്ങിയപ്പോഴും പി. കരുണാകരനെ പാര്‍ട്ടി ആദ്യലിസ്റ്റില്‍ പോലും ഉള്‍പ്പെടുത്താതെ മാറ്റിനിര്‍ത്തുകയായിരുന്നു. കരുണാകരനോടുള്ള ഈ വിയോജിപ്പാണ് പ്രചാരണ പരിപാടികളില്‍ നിന്നും മാറ്റിനിര്‍ത്തുന്നതിന്റെയും പിന്നിലെന്നാണ് സംസാരം. 

Post a Comment

0 Comments

Top Post Ad

Below Post Ad