കാസര്‍കോട് (www.evisionnews.co): പെരിയ ഇരട്ട കൊലക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരില്‍ അടിക്കടിയുണ്ടാകുന്ന സ്ഥലംമാറ്റവും അഴിച്ചുപണിയും കേസന്വേഷണം അനിശ്ചിതത്തിലാക്കുന്നതായി ആരോപണം ശക്തം. ഇതിനകം അഞ്ച് പ്രധാന ഉദ്യോഗസ്ഥരെയാണ് അന്വേഷണ ചുമതലയില്‍ നിന്നും സ്ഥലം മാറ്റിയത്. ഏറ്റവുമൊടുവില്‍ കേസിലെ മേല്‍നോട്ടം ചുമതലയുള്ള അന്വേഷണ തലവന്‍ ക്രൈംബ്രാഞ്ച് എസ്.പി മുഹമ്മദ് റഫീഖ് ഉള്‍പ്പടെ നാലു ഉദ്യോഗസ്ഥര്‍ക്കാണ് മുന്നറിയിപ്പില്ലാതെ സ്ഥലംമാറ്റമുണ്ടായത്. ഇതോടെ കേസില്‍ സിബിഐ തന്നെ അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
അന്വേഷണം തുടങ്ങി നാലു ദിവസം പിന്നിടുകയും നിര്‍ണായക വിവരങ്ങളിലേക്ക് ചെന്നെത്തുകയും ചെയ്തപ്പോഴാണ് ക്രൈംബ്രാഞ്ചിന്റെ രണ്ടു പ്രധാന ഉദ്യോഗസ്ഥരായ ക്രൈംബ്രാഞ്ച് എസ്.പി വി.എം മുഹമ്മദ് റഫീഖ്, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയും പ്രതികളെ അറസ്റ്റു ചെയ്യുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്ത ടി.പി രഞ്ജിത്തിനെ ചുമതലയില്‍ നിന്നും ഒഴിവാക്കിയത്. ഇതിനു പിന്നാലെ ശനിയാഴ്ച മൂന്ന് ഉദ്യോഗസ്ഥരെ കൂടി സ്ഥലം മാറ്റുകയായിരുന്നു. അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി ഷാജു ജോസ്, സിഐമാരായ സുനില്‍ കുമാര്‍, രാഗേഷ് എന്നിവരെയാണ് സ്ഥലംമാറ്റിയത്.
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തിനെ കോഴിക്കോട് ഡി.സി.ബി.ആര്‍.ബിയിലേക്ക് സ്ഥലംമാറ്റിയായിരുന്നു അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള അഴിച്ചുപണി നാടകത്തിന് തുടക്കം കുറിച്ചത്. ഉദുമ ഏരിയ കമ്മിറ്റി നേതാവ് അടക്കം സി.പി.എമ്മിന്റെ പ്രധാന നേതാക്കളിലേക്ക് അന്വേഷണം നീണ്ടതോടെയാണ് രഞ്ജിത്തിനെ അടക്കം ചുമതലയില്‍ നിന്നും മാറ്റിനിര്‍ത്തിയത്. കൃത്യംനടന്ന സമയത്ത് പ്രതികള്‍ ഉപയോഗിച്ച വസ്ത്രം കത്തിച്ചുകളയാന്‍ ഉപദേശം നല്‍കിയത് ഏരിയാ നേതാവാണെന്ന് ടി.പി രഞ്ജിത്ത് കണ്ടെത്തിയിരുന്നു. ഇതില്‍ തുടര്‍ നടപടികളുമായി നീങ്ങുന്നതിനിടയിലാണ് രഞ്ജിത്തിനെ സ്ഥലം മാറ്റിയത്. പ്രധാന പ്രതികളായ സാജു ജോസഫിനെയും പീതംബരനെയും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വെള്ളിയാഴ്ച വാങ്ങിയതിന് ശേഷമുള്ള എസ്.പിയുടെ സ്ഥാനചലനം.
സി.പി.എം നേതാക്കളിലേക്ക് അന്വേഷണം നീണ്ടതോടെ സംഘത്തിലെ അഞ്ചു ഉദ്യോഗസ്ഥരെ ദിവസങ്ങള്‍ക്കകം സ്ഥലം മാറ്റിയത് സി.ബി.ഐ അന്വേഷണമെന്ന കുടുംബത്തിന്റെയും യു.ഡി.എഫിന്റെയും ആവശ്യത്തിന് ബലംപകരുന്നുവെന്നാണ് വിലയിരുത്തല്‍. കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ത് ലാലിന്റെയും ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Post a Comment
0 Comments