Type Here to Get Search Results !

Bottom Ad

തൊഴില്‍ നികുതി കൊള്ള:കാഞ്ഞങ്ങാട് നഗരസഭക്കെതിരെ വ്യാപാരികള്‍ പരസ്യ സമരത്തിന്


കാഞ്ഞങ്ങാട് (www.evisionnews.co): കടുത്ത കച്ചവടമാന്ദ്യം നേരിടുന്ന കാഞ്ഞങ്ങാട് നഗരത്തില്‍ നഗരസഭയുമായി കൈകോര്‍ത്ത് മര്‍ച്ചന്റ്സ് അസോസിയേഷന്‍ വ്യാപാര മഹോത്സവം നടത്തി നഷ്ടപ്രതാപം തിരിച്ചു പിടിക്കുന്നതിന്റെ മറവില്‍ നഗരസഭ വ്യാപാര ലൈസന്‍സും തൊഴില്‍ നികുതിയും കുത്തനെ കൂട്ടി കൊള്ളയടിക്കുകയാണെന്ന് വ്യാപാരികള്‍. കെഎസ്ടിപി റോഡ് നിര്‍മാണത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി തകര്‍ന്നിടിഞ്ഞ കാഞ്ഞങ്ങാട്ടെ വ്യാപാര മേഖല റോഡ് നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായിട്ടും പഴയ നിലയിലേക്ക് തിരിച്ചുവന്നിട്ടില്ല. 

വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്ന ഇടപാടുകാര്‍ക്ക് പാര്‍ക്കിംഗ് സൗകര്യമില്ലാത്തതും കടകള്‍ക്ക് മുന്നില്‍ ഓട്ടോ റിക്ഷകള്‍ പാര്‍ക്ക് ചെയ്ത് ഇടപാടുകാര്‍ക്ക് കടയില്‍ കയറി സാധനം വാങ്ങാന്‍ കഴിയാത്തതും വ്യാപാര മേഖലയില്‍ പ്രതിസന്ധി രൂക്ഷമാക്കുകയാണ്. ഇതിനിടയിലാണ് വ്യാപാര രംഗം പഴയനിലയിലേക്ക് തിരിച്ചുകൊണ്ട് വരാന്‍ നഗരസഭയുമായി കൈകോര്‍ത്ത് മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഇടപാടുകാര്‍ക്ക് വന്‍ സമ്മാന പദ്ധതിയും കലാസാംസ്‌കാരിക പരിപാടികളുമായി വ്യാപാര മഹോത്സവം നടത്തിയത്. 

നഗരസഭയുമായി സഹകരിച്ച് നടത്തുന്ന വ്യാപാര മഹോത്സവ ഉദ്ഘാടന ചടങ്ങില്‍ വ്യാപാര പ്രതിസന്ധി തരണംചെയ്യാന്‍ ശക്തമായ നടപടിയെടുക്കുമെന്ന് ഉദ്ഘാടകനായ നഗരസഭ ചെയര്‍മാന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നഗരസഭയുമായുള്ള വ്യാപാരികളുടെ സൗഹൃദം മുതലാക്കി വന്‍തോതില്‍ വ്യാപാര ലൈസന്‍സ് ഫീസും തൊഴില്‍ നികുതിയും വര്‍ധിപ്പിക്കാനാണ് നഗരസഭ തീരുമാനിച്ചത്. 

500 രൂപയ്ക്ക് താഴെയുള്ള വ്യാപാര ലൈസന്‍സ് ഫീസ് 3000 രൂപ വരെയും മെഡിക്കല്‍ സ്റ്റോര്‍ ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് അഞ്ചിരട്ടിയിലേറെയും വര്‍ധനവ് വരുത്തിയിട്ടുണ്ട്. അതേസമയം സമീപ നഗരങ്ങളായ കാസര്‍കോട്, നീലേശ്വരം നഗരസഭകളില്‍ ഫീസ് ഇനത്തില്‍ യാതൊരു വര്‍ധനവും വരുത്തിയിട്ടില്ല. വര്‍ധനവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പലതവണ നഗര ഭരണാധികാരികളെ സമീപിച്ചെങ്കിലും അനുകൂലമായ യാതൊരു നടപടിയും ഇല്ലാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.

തിങ്കളാഴ്ചയ്ക്കകം അനുകൂലമായ തീരുമാനമില്ലെങ്കില്‍ ചൊവാഴ്ച മുതല്‍ നഗരസഭ ഓഫീസിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം ഉള്‍പ്പെടെ കടുത്ത നടപടികളിലേക്ക് പോകാനാണ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ തീരുമാനം. യോഗത്തില്‍ പ്രസിഡണ്ട് സി. യൂസഫ് ഹാജി അധ്യക്ഷത വഹിച്ചു. ജന സെക്രട്ടറി സി.എ പീറ്റര്‍, വൈസ് പ്രസിഡന്റ് കെ.വി ലക്ഷ്മണന്‍, പ്രദീപ് കീനേരി, സെക്രട്ടറി ഗിരീഷ് നായക്, രാജേന്ദ്രകുമാര്‍ പ്രസംഗിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad