Type Here to Get Search Results !

Bottom Ad

പെരിയയിലേത് കണ്ണൂര്‍ മോഡല്‍ കൊല: കാസര്‍കോട് പോലീസ് വലയത്തില്‍


കാസര്‍കോട് (www.evisionnews.co): യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകത്തെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ പോലീസ് സുരക്ഷ ശക്തമാക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സംഘം പെരിയയിലും പരിസരങ്ങളിലും കാസര്‍കോട് നഗരത്തിലും വന്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്. അതേസമയം അക്രമി സംഘത്തെ കണ്ടെത്താന്‍ ക്രൈം ഡിറ്റാച്ച്മെന്റ് ഡി.വൈ.എസ്.പി പ്രദീപിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് അക്രമമുണ്ടായത്. ക്ഷേത്രോത്സവ സ്ഥലത്ത് നിന്നും കൃപേഷിനെ വീട്ടിലേക്ക് കൊണ്ടുവിടാന്‍ പോവുകയായിരുന്നു ശരത്ത്‌ലാല്‍. ഈസമയം മൂന്നംഗ സംഘം ജീപ്പില്‍ പി
ന്തുടര്‍ന്നെത്തുകയും ബൈക്ക് തടഞ്ഞ് അടിച്ചുവീഴ്ത്തിയ ശേഷം സമീപത്തെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി മാരകമായി വെട്ടുകയായിരുന്നു. കൃപേഷ് സംഭവ സ്ഥലത്തും ശരത്ത് ലാല്‍ മംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടെയുമായിരുന്നു മരിച്ചത്.

മുന്നാട് കോളജില്‍ കെ.എസ്.യു പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെ അക്രമിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ഇരുമ്പുവടി കൊണ്ട് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ കൈ തല്ലിയൊടിച്ചിരുന്നു. സംഭവത്തില്‍ കൃപേഷും ശരത്തും ഉള്‍പ്പടെ 11 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. കേസില്‍ ഇരുവരും ജാമ്യത്തിലിറങ്ങിയ ശേഷം ഇവര്‍ക്കു നേരെ വധഭീഷണിയുണ്ടായിരുന്നത്രെ. ഇതിനു പിന്നാലെയാണ് ക്ഷേത്രോത്സവ സ്ഥലത്തു നിന്നും മടങ്ങുമ്പോള്‍ സ്ഥലത്തെ ഒരു സി.പി.എം പ്രവര്‍ത്തകന്റെ വീടിനു മുന്നില്‍ കൊലപാതകം അരങ്ങേറിയത്. 

ജില്ലയെ നടുക്കിയ ഇരട്ട കൊലപാതക വിവരമറിഞ്ഞ് കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളടക്കം നൂറുകണക്കിനാളുകള്‍ (www.evision news.co)കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്കും പെരിയയിലെ സംഭവസ്ഥലത്തെക്കും ഒഴുകിയെത്തിയിരുന്നു. ഇന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള ഉന്നത നേതാക്കള്‍ തിങ്കളാഴ്ച കാസര്‍കോട്ടെത്തും.

അതേസമയം കണ്ണൂര്‍ മോഡല്‍ കൊലപാതകമാണ് സി.പി.എം നടത്തിയതെന്നും ആസൂത്രിതമായാണ് രണ്ട് യുവാക്കളെ നിഷ്ഠൂരം കൊലപ്പെടുത്തിയതെന്നും ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ പറഞ്ഞു. എല്‍.ഡി.എഫിന്റെ കേരള സംരക്ഷണ യാത്ര ജില്ല വിടുന്നതിന് മുമ്പുണ്ടായ ആസൂത്രിത കൊലപാതകത്തില്‍ നേതാക്കള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. കാസര്‍കോട് നഗരത്തിലും പെരിയയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുകയും ടയര്‍ കത്തിക്കുകയും ചെയ്തു. 

കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കാസര്‍കോട് ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കണ്ണൂര്‍ യൂണിവേഴ്സിറ്റി തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ജില്ലയിലെ എസ് എസ് എല്‍ സി മോഡല്‍ പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്. 

തിങ്കളാഴ്ച പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തില്‍ വിലാപയാത്രയായി പെരിയയിലേക്ക് കൊണ്ടുവരും. 

Post a Comment

0 Comments

Top Post Ad

Below Post Ad