Type Here to Get Search Results !

Bottom Ad

ടൂറിസത്തില്‍ കാസര്‍കോട് ഒന്നാമത്: വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ രണ്ടര ഇരട്ടിയിലധികം വര്‍ധനവ്


കാസര്‍കോട് (www.evisionnews.co): ടൂറിസം വളര്‍ച്ചയില്‍ മറ്റു ജില്ലകളെ ബഹുദൂരം പിന്നിലാക്കി നേട്ടങ്ങളുടെ നെറുകയില്‍ കാസര്‍കോട് ജില്ലയും ബി.ആര്‍.ഡി.സിയും. സംസ്ഥാന ടൂറിസം വകുപ്പിന്റെ 2018ലെ സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 269 ശതമാനം റെക്കാര്‍ഡ് വളര്‍ച്ചാ നിരക്ക് നേടിയാണ് കാസര്‍കോട് ജില്ല ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള കൊല്ലം ജില്ലയിലെ വളര്‍ച്ചാ നിരക്ക് 45 ശതമാനമാണ്. 

2017ല്‍ 1115 വിദേശ ടൂറിസ്റ്റുകളായിരുന്നു കാസര്‍കോട് ജില്ലയില്‍ എത്തിയിരുന്നത്. 2018ല്‍ ഇത് 4122 ആയി വര്‍ധിച്ചു. 2018ല്‍ 2472 വിദേശ ടൂറിസ്റ്റുകളാണ് 'സ്‌മൈല്‍' സംരംഭങ്ങളിലൂടെ ജില്ലയിലെത്തിയത്. ചെറുകിട- ഇടത്തരം സംരംഭങ്ങളെ വിന്യസിപ്പിച്ചുള്ള ബിആര്‍ഡിസിയുടെ ടൂറിസം വികസന തന്ത്രമാണ് ഫലംകാണിച്ചത്. പ്രാഥമികമായും വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് നടപ്പിലാക്കിയ സ്‌മൈല്‍ പദ്ധതിയിലൂടെ ഇതിന് വേണ്ടി സംരംഭകര്‍ക്കുള്ള പരിശീലനം, 

വിപണനത്തിനുള്ള സഹായക പദ്ധതികള്‍ മുതലായ സേവനങ്ങളാണ് ബി.ആര്‍.ഡി.സി നല്‍കി വരുന്നത്. ഇതിന്റെ ഭാഗമായി ടൂറിസ്റ്റുകളെയും സംരംഭകരെയും ആകര്‍ഷകങ്ങളെയും ബന്ധിപ്പിക്കുന്നതിന് ബിആര്‍ഡിസി രൂപകല്‍പ്പന ചെയ്ത സ്‌മൈല്‍ വെര്‍ച്ച്വല്‍ 

ടൂര്‍ ഗൈഡും പുറത്തിറക്കിയിരുന്നു. ജില്ലയില്‍ 57 സംരംഭകര്‍ നടത്തുന്ന 27 സ്‌മൈല്‍ സംരംഭങ്ങളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതുവഴി പ്രതിദിനം 200ല്‍ പരം ടൂറിസ്റ്റുകള്‍ക്ക് താമസിക്കാനുള്ള റൂമുകളാണ് ജില്ലയിലെ ടൂറിസം മേഖലയില്‍ ലഭ്യമായിരിക്കുന്നത്. നേരിട്ടും അല്ലാതെയും നിരവധി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു എന്നതും എടുത്തു പറയേണ്ട നേട്ടമാണ്.

വിദേശ ടൂറിസ്റ്റുകളുടെ വളര്‍ച്ചാനിരക്കില്‍ ഈ വര്‍ഷം ഒന്നാമതെത്തിയെങ്കിലും ആഭ്യന്തര ടൂറിസ്റ്റുകളുടെ വളര്‍ച്ച അഞ്ചു ശതമാനം മാത്രമാണ്. സംസ്ഥാനത്ത് 11-ാം സ്ഥാനത്താണ് കാസര്‍കോട് ജില്ല. ഇതു മറികടക്കാനുള്ള പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ശ്രമംനടത്തുമെന്ന് ബി.ആര്‍.ഡി.സി മാനേജിംഗ് ഡയരക്ടര്‍ ടി.കെ മന്‍സൂര്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad