കേരളം (www.evisionnews.co): ക്രമസമാധാന പ്രശ്നം കാരണം ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പോലീസ് തിരിച്ചിറക്കുന്നു. ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പെരിന്തല്‍മണ്ണ സ്വദേശിനി കനകദുര്‍ഗയ്ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. അപ്പാച്ചിമേട്ടില്‍ രാവിലെ യുവതികളെ തടഞ്ഞെങ്കിലും പിന്നീട് പോലീസ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റി യുവതികളെ മുന്നോട്ട് കൊണ്ടു പോയിരുന്നു. എന്നാല്‍, വീണ്ടും പ്രതിഷേധക്കാര്‍ ശക്തമായി രംഗത്ത് വന്നതോടെ ബലം പ്രയോഗിക്കേണ്ടന്ന് പോലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. മരക്കൂട്ടം പിന്നിട്ട് മുന്നോട്ടുപോയ യുവതികളെ ചന്ദ്രാനന്ദന്‍ റോഡിലാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. നേരത്തെ അപ്പാച്ചിമേട്ടില്‍ വെച്ചായിരുന്നു യുവതികളെ തടഞ്ഞത്.
മണ്ഡലപൂജ സമയത്ത് പ്രശ്നങ്ങള്‍ വേണ്ടെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, എന്തു പ്രതിഷേധം നടന്നാലും ദര്‍ശനം നടത്തുമെന്നാണ് ശബരിമലയിലെത്തിയ കോഴിക്കോട് സ്വദേശിനി ബിന്ദുവും പെരിന്തല്‍മണ്ണ സ്വദേശിനി കനകദുര്‍ഗയും വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ എത്തിയതോടെ ക്രസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി ഇവരെ തിരിച്ചിറക്കുകയായിരുന്നു. പോലീസ് നല്‍കിയ ഉറപ്പിലാണ് തിരിച്ചിറങ്ങുന്നതെന്ന് വ്യക്തമാക്കിയ ബിന്ദു സന്നിധാനത്തേക്ക് പോലീസ് വീണ്ടുമെത്തിക്കുന്ന വാക്ക് തന്നിട്ടുണ്ടെന്നും വ്യക്തമാക്കി. മരക്കൂട്ടത്ത് നിന്നാണ് പോലീസ് ഇവരെ തിരിച്ചിറക്കുന്നത്. അതേസമയം, യുവതികളുടെ വീടിന് മുമ്പിലും ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുകയാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം. പത്മകുമാറിന്റെ വീടിന് മുമ്പിലും പ്രതിഷേധക്കാരെത്തി.

Post a Comment
0 Comments