Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് യുവജനയാത്രക്ക് 24ന് കാസര്‍കോട് ഉദ്യാവരത്ത് തുടക്കമാകും


കാസര്‍കോട് (www.evisionnews.co): വര്‍ഗീയമുക്ത ഭാരതം അക്രമരഹിത കേരളം ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന യുവജന യാത്ര നവംബര്‍ 24 ശനിയാഴ്ച വൈകുന്നേരം 3.30ന് മഞ്ചേശ്വരം ഉദ്യാവരത്ത് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ക്യാപ്റ്റനും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വൈസ് ക്യാപ്റ്റനും ട്രഷറര്‍ എം.എ സമദ് ഡയറക്ടറും സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം കോര്‍ഡിനേറ്ററുമായ യുവജനയാത്ര 14 ജില്ലകളിലും പര്യടനം നടത്തി ഡിസംബര്‍ 24ന് തിരുവനന്തപുരത്ത് സമാപിക്കും.

വര്‍ഗീയതക്കും അക്രമരാഷ്ട്രീയത്തിനുമെതിരായും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ ജനങ്ങളുടെ മുമ്പില്‍ വിശദീകരിക്കുന്നതിനുമാണ് യുവജനയാത്ര സംഘടിപ്പിക്കുന്നത്. ബി.ജെ.പി സര്‍ക്കാരിന്റെ അഴിമതിയും വര്‍ഗീയതയും ബന്ധുനിയമനം അടക്കമുള്ള ഇടതു സര്‍ക്കാര്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ സ്വജനപക്ഷപാതവും അഴിമതിയും ജാഥയിലൂടെ ജനങ്ങളുടെ മുമ്പില്‍ വിശദീകരിക്കും.

ശബരിമലയിലെ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അവതാനതയില്ലാത്ത നിലപാട് സ്വീകരിച്ച പിണറായി സര്‍ക്കാരിനെതിരെയും വര്‍ഗീയ ദ്രുവീകരണത്തിനുള്ള സുവര്‍ണ്ണാവസരമായി ഇതിനെ കാണുന്ന ബി.ജെ.പിക്കെതിരെയും കാമ്പയിന്‍ നടത്തും. 24ന് ഉദ്യാവരത്ത് വെച്ച് ഉദ്ഘാടനം ചെയ്യുന്ന യാത്ര കാല്‍നടയായി 25,26 തിയതികളില്‍ കാസര്‍കോട് ജില്ലയില്‍ പര്യടനം നടത്തും. ഒരോ ദിവസവും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വെള്ള വസ്ത്രംധരിച്ച ആയിരത്തോളം തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ ജാഥയില്‍ അണിനിരക്കും.

25ന് രാവിലെ എട്ട് മണിക്ക് കുമ്പളയില്‍നിന്ന് പൊതുസമ്മേളനത്തോടെ ആരംഭിക്കുന്നജാഥ ദേശീയപാതവഴി ഉച്ചക്ക് 12.30ന് എരിയാലില്‍ സ്വീകരണത്തിന് ശേഷം കറന്തക്കാട്‌നിന്നും കാസര്‍കോട് നഗരം ചുറ്റി വൈകിട്ട് ആറുമണിക്ക് നായന്മാര്‍മൂലയില്‍ സമാപിക്കും.

26ന് രാവിലെ എട്ടുമണിക്ക് ഉദുമയില്‍നിന്ന് പൊതുസമ്മേളനത്തോടെ ആരംഭിച്ച് കെ.എസ്.ടി.പി റോഡ് വഴി ഉച്ചക്ക് 12.30ന് പളളിക്കര കല്ലിങ്കാലില്‍ സ്വീകരണത്തിന്‌ശേഷം വൈകിട്ട് ആറുമണിക്ക് കാഞ്ഞങ്ങാട് പുതിയ കോട്ടയില്‍ സമാപിക്കും. 

സമാപന സമ്മേളനത്തിന്റെ ഭാഗമായി മൂന്ന് മണിക്ക് കാഞ്ഞങ്ങാട് നഗരത്തില്‍ ജില്ലാതല വൈറ്റ്ഗാര്‍ഡ് പരേഡ് നടക്കും. കാല്‍നടയായി കടന്ന് വരുന്ന യുവജനയാത്രയെ വിവിധ മണ്ഡല അതിര്‍ത്തികളില്‍ സംഘാടക സമിതികളുടെ നേതൃത്വത്തില്‍ സ്വീകരിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, അബ്ദുസ്സമദ് സമദാനി, സിറാജ് ഇബ്രാഹിം സേട്ട്, ഡോ. എം.കെ മുനീര്‍, കെ.എം ഷാജി എം.എല്‍.എ, സി.കെ സുബൈര്‍ തുടങ്ങിയ നേതാക്കളും കര്‍ണ്ണാടക മന്ത്രിമാരും യു.ഡി.എഫ് നേതാക്കളും എം.എല്‍.എമാരും സംബന്ധിക്കും.

യുവജന യാത്ര ചരിത്ര സംഭവമാക്കുന്നതിന് വൈവിധ്യമാര്‍ന്ന പരിപാടികളാണ് ജില്ലയിലാകമാനം നടന്നുവരുന്നത്. ഡിസംബര്‍ 24ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ട്രോമാകെയര്‍ അടക്കം വിവിധ മേഖലകളില്‍ പരിശീലനം ലഭിച്ച 15000 വൈറ്റ് ഗാര്‍ഡ് അംഗങ്ങളെ രാജ്യത്തിനായി സമര്‍പ്പിക്കും. പത്രസമ്മേളനത്തില്‍ സംബന്ധിച്ചവര്‍ ചെയര്‍മാന്‍ എം.സി ഖമറുദ്ധീന്‍ ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് എടനീര്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്, ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, ട്രഷറര്‍ യൂസുഫ് ഉളുവാര്‍ പങ്കെടുത്തു. 

Post a Comment

0 Comments

Top Post Ad

Below Post Ad