തിരുവനന്തപുരം (www.evisionnews.co): കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ ശബരിമലയില്‍ അപമാനിച്ചുവെന്ന് ആരോപിച്ച് കന്യാകുമാരി ജില്ലയില്‍ വെള്ളിയാഴ്ച ബിജെപി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കേന്ദ്രമന്ത്രിയായ പൊന്‍ രാധാകൃഷ്ണന്‍ ഇന്നലെയാണ് ശബരിമല ദര്‍ശനത്തിന് എത്തിയത്. നിലയ്ക്കലില്‍ ബി.ജെ.പി നേതാക്കള്‍ക്കൊപ്പം എത്തിയ കേന്ദ്രമന്ത്രി ഉള്‍പ്പെട്ട സംഘത്തെ പോലീസ് തടഞ്ഞു. മന്ത്രിയുടേത് ഒഴികെ മറ്റ് വാഹനങ്ങള്‍ കടത്തി വിടാനാകില്ലെന്ന നിലപാടിലായിരുന്നു പോലീസ്. തുടര്‍ന്ന് മന്ത്രി പ്രവര്‍ത്തകര്‍ക്കൊപ്പം ബസിലാണ് പമ്പയില്‍ എത്തിയത്.
സംഭവത്തില്‍ പ്രതിഷേധിച്ച് സുരക്ഷാചുമതലയുള്ള എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ നിങ്ങള്‍ എന്നു വിളിച്ചു. മന്ത്രിയെന്ന നിലയില്‍ മാന്യമായി സംസാരിക്കണമെന്നു പറഞ്ഞപ്പോള്‍ തന്റെനേരെ മസിലുപിടിച്ചു നിന്നെന്നാണ് എസ്പിക്കെതിരെയുള്ള പരാതി. കേന്ദ്രമന്ത്രിയുടെ ഒപ്പം മല കയറാനെത്തിയതായിരുന്നു എ.എന്‍. രാധാകൃഷ്ണന്‍. ഇതിനു പിന്നാലെ രാവിലെ പമ്പയില്‍ മന്ത്രിയുടെ വാഹനവ്യൂഹത്തിലെ ഒരു കാര്‍ പോലീസ് തടഞ്ഞു നിര്‍ത്തി പരിശോധിച്ചതും വിവാദമായിരുന്നു.

Post a Comment
0 Comments