കാസര്‍കോട് (www.evisionnews.co): നവംബര്‍ 10, 11 തീയതികളില്‍ കാസര്‍കോട് വനിതാ ഭവനില്‍ നടക്കുന്ന 'ബ്രോണ്‍ബി ഫ്രെയിംസ്-18' കാസര്‍കോട് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ് എച്ചിക്കാനം ഉദ്ഘാടനം ചെയ്യും. ജില്ലയുടെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സമൂലമായ മാറ്റം എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട 'കാസര്‍കോടിനൊരിടം' കൂട്ടായ്മയുടെയും 200 ഓളം സിനിമകളുടെ തുടര്‍ പ്രദര്‍ശനങ്ങളുമായി കലാസ്വാദനത്തിന്റെ പുത്തന്‍ ചരിത്രങ്ങള്‍ തീര്‍ത്ത 'ഫ്രാക് സിനിമ' യുടേയും സിനിമാസ്വാദകരായ, സിനിമയെ സ്വപ്നം കാണുന്ന യുവത്വത്തിന്റെ കൂട്ടായ്മയായ 'സിനിമേറ്റ്‌സ്' ന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
കാസര്‍കോടന്‍ കലാ തനിമയുടെ വീണ്ടെടുപ്പിനും സാംസ്‌കാരിക വേദികളുടെ തുടര്‍ച്ചയും ലക്ഷ്യമിട്ടാണ് ഇത്തരം ഒരു ഫിലിം ഫെസ്റ്റിവല്‍ കാസര്‍കോട് സംഘടിപ്പിക്കുന്നതെന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാല്‍ നൂറ്റാണ്ടിനു ശേഷം കാസര്‍കോട് വിരുന്നെത്തുന്ന മേള വിജയിപ്പിക്കുന്നതിനാവിശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. മേളയില്‍ സംവിധായകരായ മനോജ് കാന,ഫാറൂഖ് അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ മുഖ്യാഥിതികള്‍ ആയിരിക്കും. ഫ്രെയിംസ് കണ്‍വീനര്‍ സുബിന്‍ ജോസ് ചലച്ചിത്രമേളക്ക് ഒരാമുഖം എന്ന വിഷയത്തിലും കെപിഎസ് വിദ്യാനഗര്‍ ഇടം തേടി എന്ന വിഷയത്തിലും സംസാരിക്കും.
നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ വിദേശ-ഇന്ത്യന്‍ സംവിധായകന്മാരായ മജീദ് മജീദിയുടെ ചില്‍ഡ്രന്‍ ഓഫ് ഹീവന്‍, പാര്‍ക്ക് ഹൂന്‍ ജങ്ങിന്റെ ദി ടൈഗര്‍, മാര്‍ട്ടിന്‍ സ്‌കോര്‍സീസിന്റെ ഹ്യുഗോ,സ്റ്റീവന്‍ സ്പില്‍ബെര്‍ഗിന്റെ ദി ടെര്‍മിനല്‍,സിദ്ധാര്‍ഥ് ശിവയുടെ ഐന്‍, ജയപ്രകാശ് രാധാകൃഷ്ണന്റെ ലെന്‍സ് എന്നീ സിനിമകള്‍ ആയിരിക്കും പ്രദര്‍ശിപ്പിക്കുക. ഫ്രാക് പ്രസിഡന്റ് ജിബി വത്സന്‍,ബിലാതി കുഴല്‍ സംവിധായകന്‍ വിനു കോളിച്ചാല്‍,സിഐ സിബി തോമസ്, പ്രശോബ് ബാലന്‍,ശ്രീവിദ്യ, വിഷ്ണു നമ്പ്യാര്‍ തുടങ്ങി ചലച്ചിത്ര പ്രവര്‍ത്തകര്‍ ഫെസ്റ്റിന്റെ വിവിധ സെഷനുകളില്‍ സംസാരിക്കും.
ഫിലിം ഫെസ്റ്റിനോടനുബന്ധിച് ബുക്ക് ഫെസ്റ്റ്,കാലിഗ്രാഫി എക്‌സിബിഷന്‍,മ്യൂസിക് ജാം സെഷന്‍, പെയിന്റിംഗ് എക്‌സിബിഷന്‍,ലൈവ് കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ എന്നിവ ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. ജിബി വത്സന്‍, സുബിന്‍ ജോസ്, കെപിഎസ് വിദ്യാനഗര്‍, ഡോ.ഷമീം മുഹമ്മദ്, മധൂര്‍ ശരീഫ്, അഹ്റാസ് അബൂബക്കര്‍, അസ്രീദ് മുഹമ്മദ് പത്രസമ്മേളനത്തില്‍ പങ്കടുത്തു.

Post a Comment
0 Comments