Type Here to Get Search Results !

Bottom Ad

ബംബ്രാണ ഉള്‍വാറില്‍ കലക്ടറുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന: മണല്‍ നിറച്ചിരുന്ന ആറുവള്ളങ്ങള്‍ നശിപ്പിച്ചു


കാസര്‍കോട് (www.evisionnews.co): അനധികൃതമായി മണല്‍ കടത്തുന്നതിനിടെ ബംബ്രാണ ഉള്‍വാറില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. മണല്‍ നിറച്ചിരുന്ന ആറുവള്ളങ്ങള്‍ ജെ.സി.ബി ഉപയോഗിച്ചു നശിപ്പിച്ചു. മണല്‍കടത്തുന്നിനിടെ ജില്ലാ കലക്ടറെയും സംഘത്തെയും കണ്ട് വള്ളങ്ങള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ 15 ദിവസത്തിനകം അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ കുമ്പള എസ്.ഐയോട് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടര്‍ നിര്‍ദേശിച്ചു. 

കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിയോടെയാണ് കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഉള്‍വാര്‍ കടവിലെത്തിയത്. ഇവിടെ നിന്നും അനധികൃതമായി മണല്‍ കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കലക്ടര്‍ എത്തിയത്. എന്നാല്‍ ആറുവള്ളങ്ങളില്‍ മണല്‍നിറച്ചുകടത്താന്‍ ശ്രമിക്കുകയായിരുന്ന ഇതര സംസ്ഥാനക്കാരായ 11പേര്‍ വള്ളങ്ങള്‍ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. ഇവരെ പിന്തുടരുവാന്‍ ശ്രമിച്ചെങ്കിലും പിടികൂടാനായില്ല. എന്നാല്‍ ഇവരുടെ മൊബൈല്‍ ഫോണുകള്‍, തിരിച്ചറിയില്‍ രേഖകള്‍, മണല്‍ കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയവ കലക്ടര്‍ പിടിച്ചെടുത്തു. 

ദിവസവും ലോഡ് കണക്കിനു മണലാണ് ഇവിടെനിന്നും കടത്തുന്നതെന്നു ജില്ലാ കലക്ടര്‍ പറഞ്ഞു. ചുരുങ്ങിയത് എട്ടുലോഡ് മണലുകള്‍ ദിവസവും കടത്തുന്നുണ്ട്. ഇതുസംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ഉള്‍കൊള്ളുന്ന കണക്ക് പുസ്തകം ഉള്‍പ്പെടെയുള്ളപ്പടെയുള്ളവ പിടിച്ചെടുത്തവയിലുണ്ട്. പിടിച്ചെടുത്ത വള്ളങ്ങള്‍ ജെസിബി ഉപയോഗിച്ചു നശിപ്പിച്ചുവെന്നും കലക്ടര്‍ പറഞ്ഞു. ഉത്തര്‍പ്രദേശുകാരായ രവിശങ്കര്‍, ശ്യാം ദുലാര്‍, ദര്‍വാന്‍, സാജന്‍, ജബ്നാദ്, നസിം, ഖേദന്‍, ബിഭവ്, രാംകുമാര്‍, ജിതേന്ദ്രര്‍, കേസരി എന്നിവരാണ് ഓടിരക്ഷപ്പെട്ടത്. രക്ഷപ്പെട്ടവരെയും ഇവര്‍ക്കു സഹായം ചെയ്തവരെയും അറസ്റ്റ് ചെയ്യാനാണ് കലക്ടറുടെ നിര്‍ദേശം. കാസര്‍കോട് ആര്‍.ഡി.ഒ അബ്ദുസമദ്, മഞ്ചേശ്വരം തഹസില്‍ദാര്‍ സക്കീര്‍ ഹുസൈന്‍, വില്ലേജ് ഓഫീസര്‍ കീര്‍ത്തന, മറ്റുഉദ്യോഗസ്ഥര്‍ കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad