കാസര്‍കോട് (www.evisionnews.co): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പുതിയ മുഖങ്ങളെ പരീക്ഷിക്കാനൊരുങ്ങി ബി.ജെ.പി സംസ്ഥാന നേതൃത്വം. ഒരു സീറ്റില്‍ രണ്ടിലധികം തവണ മത്സരിച്ചവരെ മാറ്റി നിര്‍ത്തണമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് സംസ്ഥാന ഘടകം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നേതാക്കള്‍ കാലങ്ങളായി കയ്യടക്കിയിരുന്ന സീറ്റുകള്‍ പിടിച്ചെടുത്തു പുതുമുഖങ്ങള്‍ക്കു നല്‍കാനാണു നീക്കം. അങ്ങനെയെങ്കില്‍ കാസര്‍കോട് സീറ്റ് കെ.സുരേന്ദ്രനു നഷ്ടമാകും. ജനങ്ങള്‍ക്ക് സ്വീകാര്യമായ പൊതു സ്ഥാനാര്‍ത്ഥികളെ മലബാറില്‍ മത്സരിപ്പിക്കാനും നീക്കമുണ്ട്. അങ്ങനെയായാല്‍ കോഴിക്കോട് നോട്ടമിട്ട മുരളീധരന്‍ ഗ്രൂപ്പിലെ രഘുനാഥിനും സീറ്റ് കിട്ടാനിടയില്ല.
മാറിയ സാഹചര്യത്തില്‍ മുരളീധരനോട് അടുപ്പമുള്ള സി.കൃഷ്ണകുമാറിനു പാലക്കാട് സീറ്റും കിട്ടിയേക്കില്ല. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാനുള്ള മുരളീധരന്‍ ഗ്രൂപ്പിന്റെ ചാരടുവലികള്‍ പകുതിവഴിക്ക് പാളിയ സാഹചര്യത്തില്‍ ഗ്രൂപ്പിലെ മറ്റു നേതാക്കള്‍ക്ക് സീറ്റു കൂടി നിഷേധിക്കപ്പെട്ടാല്‍ വിഭാഗീയത മൂര്‍ച്ഛിക്കുമെന്നാണ് വിലയിരുത്തല്‍.
മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്തു മത്സരിപ്പിക്കാനാണ് ധാരണ. ആര്‍എസ്എസിന്റെ നിര്‍ദേശമായതിനാല്‍ കുമ്മനത്തിനെതിരേ പാര്‍ട്ടിയില്‍ കാര്യമായ എതിര്‍പ്പുയരില്ല. ആലപ്പുഴയില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്നാണ് അമിത് ഷായുടെ നിര്‍ദേശം. ഇക്കാര്യത്തില്‍ തുഷാര്‍ മറുപടി നല്‍കിയിട്ടില്ല. ഇതുള്‍പ്പെടെ എട്ടു സീറ്റുകള്‍ ആവശ്യപ്പെട്ട ബിഡിജെഎസിന് അഞ്ചെണ്ണം നല്‍കാന്‍ ഏകദേശ ധാരണ ആയിട്ടുണ്ട്.

Post a Comment
0 Comments