ദേശീയം (www.evisionnews.co): മെക്ക മസ്ജിദ് സ്ഫോടനക്കേസില്‍ സ്വാമി അസീമാനന്ദയടക്കമുള്ള പ്രതികളെ വെറുതെ വിട്ട ജഡ്ജി രവീന്ദര്‍ റെഡ്ഢി ബി.ജെ.പിയില്‍ ചേരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ 14ന് ബിജെപി ദേശീയഅധ്യക്ഷന്‍ അമിത് ഷാ ഹൈദരാബാദിലെത്തിയപ്പോള്‍ രവീന്ദര്‍ റെഡ്ഢി അദ്ദേഹത്തെ കാണുകയും പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ ഇന്റലെക്ച്വല്‍ വിങ്ങിലോ, തെരഞ്ഞെടുപ്പ് രംഗത്തോ തനിക്ക് ബി.ജെ.പിയെ സഹായിക്കാന്‍ കഴിയുമെന്ന് രവീന്ദര്‍ റെഡ്ഢി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
രവീന്ദര്‍ റെഡ്ഢി ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്ത തെലങ്കാന ബി.ജെ.പി അധ്യക്ഷന്‍ കെ. ലക്ഷമണനും സ്ഥിരീകരിച്ചു. മെട്രോ പൊളിറ്റന്‍ ജഡ്ജിയായിരുന്ന രവീന്ദര്‍ റെഡ്ഢി മെക്ക മസ്ജിദ് കേസില്‍ വിധി പുറപ്പെടുവിച്ച ശേഷം രാജി വെക്കുകയായിരുന്നു. ആര്‍.എസ്.എസുമായി ബന്ധമുളളതുകൊണ്ട് മാത്രം ഒരാള്‍ വര്‍ഗീയവാദിയാവില്ലെന്നായിരുന്നു അസീമാനന്ദയേയും മറ്റു അഞ്ച് പ്രതികളേയും വെറുതെ വിട്ടുകൊണ്ടുള്ള വിധി പ്രസ്താവത്തില്‍ പറഞ്ഞത്.
'ആര്‍.എസ്.എസ് ഒരു നിരോധിത സംഘടന അല്ല. ആര്‍.എസ്.എസില്‍ പ്രവര്‍ത്തിക്കുന്നുവെന്നത് കൊണ്ട് ഒരാള്‍ വര്‍ഗീയ വാദിയോ,സാമൂഹ്യ വിരുദ്ധനോ ആകുന്നില്ല' എന്ന് റെഡ്ഢി പറഞ്ഞിരുന്നു. 2007 മെയ് 18നായിരുന്നു ഹൈദരാബാദിലെ 400വര്‍ഷം പഴക്കമുള്ള മെക്ക മസ്ജിദില്‍ സ്‌ഫോടനം നടന്നത്.

Post a Comment
0 Comments