കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലാ കലക്ടറായി കാഞ്ഞങ്ങാട് സ്വദേശി ദിനേശന്‍ ഐ.എ.എസിനെ നിയമിച്ചു. കാഞ്ഞങ്ങാടിന്റെ കുശാല്‍നഗര്‍ ആവിയില്‍ പരേതനായ രാഘവന്റെയും നാരായണിയുടെയും മൂന്നു ആണ്‍മക്കളില്‍ രണ്ടാമനായ ദിനേശന്‍ പാരലല്‍ കോളജ് അധ്യാപകനായി തിളങ്ങി നില്‍ക്കുന്ന കാലത്താണ് റവന്യൂ വകുപ്പില്‍ ക്ലര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് 2006ല്‍ നേരിട്ട് ഡപ്യൂട്ടി കളക്ടര്‍ തസ്തികയിലെത്തി. കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ എ ഡി എം ആയി സേവനം അനുഷ്ഠിച്ചു. അഞ്ചര വര്‍ഷക്കാലം കാസര്‍കോട് എ ഡി എമ്മായി പ്രവര്‍ത്തിച്ച ഇദ്ദേഹം ഇപ്പോഴും ഈതസ്തികയില്‍ തുടരുകയാണ്.
ഔദ്യോഗിക ജീവിതത്തിലെ സത്യസന്ധതയും ജനസേവനത്തിലെ ആത്മാര്‍ത്ഥതയുമാണ് ദിനേശന്റെ മുഖമുദ്ര. പരാതിയുമായി എത്തുന്നവരെ സൗമ്യമായ പെരുമാറ്റങ്ങളിലൂടെ വലിപ്പ ചെറുപ്പം നോക്കാതെ സ്വീകരിക്കുകയും പരാതികള്‍ക്ക് എത്രയും വേഗത്തില്‍ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നു എന്നതാണ് ഉദ്യോഗസ്ഥ രംഗത്ത് നിന്നും ദിനേശനെ വ്യത്യസ്തനാക്കുന്നത്. ചെറുപ്പത്തിലേ മാതാപിതാക്കള്‍ മരണപ്പെട്ട ദിനേശന്‍ ഏറെ കഠിനപ്രയത്നം താണ്ടിയാണ് ഉന്നതിയിലെത്തിയത്. കാസര്‍കോട് മഹോത്സവം അടക്കമുള്ള ഒട്ടേറെ ജനപ്രിയ പരിപാടികളുടെ സംഘാടകനായി തിളങ്ങുകയും ചെയ്തു. ഉദുമ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസിസ്റ്റായ സജിതയാണ് ഭാര്യ. മക്കള്‍: അജയ്, അക്ഷയ്.

Post a Comment
0 Comments