Type Here to Get Search Results !

Bottom Ad

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം: തീരുമാനം കോണ്‍ഗ്രസ് ജില്ലാ നേതൃത്വം കെ.പി.സി.സിക്ക് വിട്ടു


കാസര്‍കോട് (www.evisionnews.co): ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാന കൈമാറ്റം സംബന്ധിച്ച് അന്തിമ തീരുമാനം കോണ്‍ഗ്രസ് ജില്ലാ നേതൃത്വം കെപിസിസിക്ക് വിട്ടു. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് ഡി.സി.സി യോഗത്തില്‍ ചര്‍ച്ചയുണ്ടായെങ്കിലും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദവി വീതം വെക്കുന്നത് സംബന്ധിച്ച് ജില്ലാതലത്തില്‍ ധാരണയൊന്നും ഉണ്ടായിട്ടില്ലെന്നും യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ വിശദീകരിച്ചു. ഇതോടെ യു.ഡി.എഫ്, കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം അറിഞ്ഞ ശേഷം ഇക്കാര്യത്തില്‍ തുടര്‍ നടപടികളെടുക്കാന്‍ തീരുമാനിച്ച് യോഗം പിരിഞ്ഞതായി അദ്ദേഹം അറിയിച്ചു.

വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസ് മുസ്ലിം ലീഗിന് കൈമാറിയാല്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനംവെച്ച് മാറേണ്ടിവരുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. ജില്ലാ പഞ്ചായത്ത് ഭരണസമിതി ഭരണമേല്‍ക്കുന്ന സമയത്ത് രണ്ടരവര്‍ഷം വീതം മുസ്ലിം ലീഗിനും കോണ്‍ഗ്രസിനും പ്രസിഡണ്ട് പദവി വീതം വെക്കാമെന്ന് ധാരണയുണ്ടായിരുന്നുവെന്നും ഇതനുസരിച്ച് പ്രസിഡണ്ട് പദവി മുസ്ലിംലീഗിനോട് ആവശ്യപ്പെടണമെന്നും ഡി.സി.സി യോഗത്തില്‍ ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ കെ.പി.സി.സിയുടെ അഭിപ്രായം തേടിയ ശേഷം മാത്രമെ ഇതുസംബന്ധിച്ച് മുസ്ലിംലീഗിനോട് സംസാരിക്കാന്‍ കഴിയുകയുള്ളുവെന്ന് മറ്റൊരു വിഭാഗവും അഭിപ്രായപ്പെട്ടു. 2015 നവംബറില്‍ ഏറെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ എ.ജി.സി ബഷീര്‍ ചുമതലയേറ്റത്. ജില്ലാ പഞ്ചായത്ത് ഭരണസമിതി 2018 മെയ് 16ന് രണ്ടര വര്‍ഷം പൂര്‍ത്തിയായി. 

അതേസമയം കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസുമായി പങ്കിടുന്നത് സംബന്ധിച്ച് ധാരണയുണ്ടായിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഭരണം വിട്ടുനല്‍കേണ്ടതുമില്ലെന്നും ഇതുസംബന്ധിച്ച് മാസങ്ങള്‍ക്ക് നടന്ന മുസ്ലിം ലീഗ് യോഗത്തില്‍ ചര്‍ച്ച ഉയര്‍ന്നുവന്നിരുന്നു.

പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസിന് ലഭിച്ചാല്‍ ഷാനവാസ് പാദൂര്‍, ശാന്തമ്മ ഫിലിപ്പ്, ഹര്‍ഷദ് വോര്‍ക്കാടി എന്നിവരാണ് സാധ്യതാ ലിസ്റ്റിലുള്ളത്. എന്നാല്‍ നിലവില്‍ വൈസ് പ്രസിഡണ്ട് സ്ഥാനം എ ഗ്രൂപ്പിനായതിനാല്‍ ഐ ഗ്രൂപ്പായ ഷാനവാസിനാണ് കൂടുതല്‍ സാധ്യത. മാത്രമല്ല, പാദൂര്‍ കുഞ്ഞാമു ഹാജിക്ക് പ്രസിഡണ്ട് പദവി നല്‍കാനാണ് അന്ന് കോണ്‍ഗ്രസിനുള്ളില്‍ ധാരണയുണ്ടായത്. അദ്ദേഹത്തിന്റെ അഭാവത്തില്‍ മകന്‍ ഷാനവാസ് പാദൂരിന് നല്‍കുമെന്ന് തന്നെയാണ് വിവരം.

Post a Comment

0 Comments

Top Post Ad

Below Post Ad