കുമ്പള (www.evisionnews.co): കുമ്പള ഗവ. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അറബി ഒന്നാം ഭാഷയായി പഠിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചെത്തുന്ന വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് പിന്തിരിപ്പിക്കുന്നതായി പരാതി. സംഭവത്തില്‍ എം.എസ്.എഫ് ജില്ലാ വിദ്യഭ്യസ ഓഫീസര്‍ക്ക് പരാതി നല്‍കി. മലയാളം കന്നട വിഭാഗങ്ങളിലായി എട്ടാംതരത്തില്‍ പതിമൂന്നില്‍പരം ഡിവിഷനുകള്‍ ഉണ്ടായിരിക്കെയാണ് അറബി ഭാഷയോട് മാത്രം വിവേചനം കാട്ടുന്നത്. ഹെഡ്മാസ്റ്ററും ചില അധ്യാപകരും ചേര്‍ന്നാണ് അറബി പഠനത്തിന് പ്രവേശനം തേടിയെത്തുന്ന വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിക്കുന്നത്. നിലവിലുള്ള ഫുള്‍ടൈം എച്ച്.എസ്.എ അറബി തസ്തിക നഷ്ടപ്പെടുത്താനുള്ള ഗൂഢാലോചനയാണ് ഇതിന്റെ പിന്നിലെന്ന് എം.എസ്.എഫ് ആരോപിച്ചു.
പഠന സൗകര്യമില്ലെന്ന കാരണം പറഞ്ഞ് അറബി ഭാഷാപഠനം മുടക്കുന്ന സ്‌കൂള്‍ അധികൃതരുടെ സമീപനം പ്രതിഷേധാര്‍ഹമാണ്. ജില്ലാ പഞ്ചായത്തിന്റെയും കാസര്‍കോട് വികസന പാക്കേജില്‍ നിന്നും ക്ലാസ് മുറികള്‍ ഉള്‍പ്പെടെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ സ്‌കൂളില്‍ നടന്നിട്ടും സൗകര്യമില്ലെന്ന കാരണം പറച്ചില്‍ പൊള്ളയാണെന്നും അറബി ഭാഷയോടുള്ള വിവേചനം തുടര്‍ന്നാല്‍ സ്‌കൂളിലേക്ക് മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ക്ക് എം.എസ്.എഫ് നേതൃത്വം നല്‍കുമെന്നും എം.എസ്.എഫ് ജില്ലാ അക്ടിംഗ് ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ഉളുവാര്‍, മണ്ഡലം സെക്രട്ടറി ജംഷീര്‍ മൊഗ്രാല്‍ മുന്നറിയിപ്പ് നല്‍കി.

Post a Comment
0 Comments