Type Here to Get Search Results !

Bottom Ad

അമീര്‍, നീ പച്ചക്കാടിന്റെ അമീര്‍ തന്നെയായിരുന്നല്ലോ...

ഖാലിദ് പച്ചക്കാട്

പച്ചക്കാടില്‍ നിന്നും ഒരു സമ്മേളനത്തിനായി ബസില്‍ കയറി യാത്ര തിരിക്കാന്‍ തുടങ്ങുമ്പോള്‍ അതിലെ ഒരു മുതിര്‍ന്ന വ്യക്തി ഒരു ഉപദേശ രൂപേണ ചോദിച്ചു 'ഈ യാത്രക്ക് ഒരു അമീര്‍ വേണമെന്ന്' അന്ന് ഞാന്‍ ചെറുപ്പമായിരുന്നതിനാല്‍ തമാശരൂപത്തില്‍ പറഞ്ഞു നമുക്ക് ഒരു അമീര്‍ ഉണ്ടല്ലോ, എന്ന് പറഞ്ഞ് ഞാന്‍ അമീറിനെ ചൂണ്ടികാണിച്ചു. ഞങ്ങള്‍ പരസ്പരം ചിരിച്ചു. എന്നാല്‍ പില്‍ കാലങ്ങളില്‍ അമീറെ, നീ പച്ചക്കാടിന്റെ അമീര്‍ തന്നെയായി മാറുകയായിരുന്നു. പച്ചക്കാട് പ്രദേശത്തിന്റെ വികസന കാര്യങ്ങളില്‍ എന്‍ജിനീയറും സൂപ്പര്‍വൈസറും തൊഴിലാളിയും നാട്ടുകാരനായും പ്രവര്‍ത്തിച്ച് രാപകല്‍ ഭേദമന്യേ പച്ചക്കാടിന്റെ വികസന സ്വപ്നങ്ങള്‍ ഏകദേശം പൂര്‍ത്തീകരിച്ച് എന്ന് തന്നെ പറയാം. തന്റെ ഭാര്യ ഹസീന വാര്‍ഡ് കൗണ്‍സിലര്‍ പദവിയിലിരിക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം നിറവേറ്റാന്‍ നീ സഹിയിച്ച ത്യാഗങ്ങള്‍ക്ക് ഒന്ന് നിന്നെ നന്നായി അഭിനന്ദിക്കാന്‍ പോലും അവസരം തന്നില്ലല്ലോ...

പച്ചക്കാട് പൊന്നന്തറ പ്രദേശത്ത് 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടന്ന് ചെല്ലണമെങ്കില്‍ വെള്ളം ഒലിച്ചുപോകുന്ന തോടില്‍ കൂടി ഇറങ്ങി നടന്നു വേണം പോകാന്‍. എന്നാല്‍ ആ പ്രവര്‍ത്തിയുടെ ടെണ്ടര്‍ സ്വയം ഏറ്റെടുക്കുകയും മുനിസിപ്പല്‍ എന്‍ജിനീയറുടെ എസ്റ്റിമേറ്റില്‍ മാറ്റം വരുത്തി ദീര്‍ഘ വീക്ഷണത്തോടെ സ്വയം ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രവര്‍ത്തിയില്‍ എത്രനഷ്ട്ടം വന്നാലും ഭാവിയില്‍ ഈ പ്രദേശത്തേക്ക് നല്ലൊരു റോഡ് കടന്നുവരണം. അതിന് മുനിസിപ്പല്‍ എന്‍ജിനീയറുടെ എസ്റ്റിമേറ്റ് പാകമല്ല എന്ന് പറഞ്ഞുകൊണ്ട് പ്രവര്‍ത്തിയുടെ ബില്ല് അനുവദിച്ചില്ലെങ്കിലും സാരമില്ല ഒരു മീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കേണ്ട ഡ്രൈനേജ് 2.30 മുതല്‍ 2.80 മീറ്റര്‍ ഉയരത്തില്‍ വരെ നിര്‍മിച്ച് റോഡ് രൂപത്തില്‍ മാറ്റിയെടുത്തത് കാരണം ആ ഭാഗത്തേക്ക് സുഖമമായി വാഹനം കടന്നുപോകുന്നു. അന്ന് എതിര്‍ത്തിരുന്ന എഞ്ചിനീയര്‍മാര്‍ ഇന്ന് കണ്ടാല്‍ ലജ്ജിച്ചു തല താഴ്ത്തും അമീറിന്റെ ദീര്‍ഘവീക്ഷണത്തിന് മുന്‍പില്‍.

അങ്ങനെ പച്ചക്കാടിന്റെ മുഖഛായ മാറ്റുന്നതില്‍ നായകനായി രാപകല്‍ ഭേദമന്യേ പ്രവര്‍ത്തിച്ച് ഇന്ന് പച്ചക്കാട് പള്ളിക്ക് മുമ്പില്‍ കാണുന്ന പാര്‍ക്കിംഗ് സൗകര്യവും മദ്രസയുടെ സ്റ്റേജും മദ്രസയുടെ മുന്‍പിലുള്ള ഇന്റര്‍ലോക്കും പച്ചക്കാട് 16- വാര്‍ഡ് മുസ്ലിം ലീഗിന്റെ അതി മനോഹരമായ ഓഫീസും ഇതിന്റെയെല്ലാം പിന്നില്‍ അമീറിന്റെ ബുദ്ദി എന്ന് തന്നെ പറയാം. 

2018 ജൂണ്‍ ഒമ്പത് (റമസാന്‍ മാസം 24) രാത്രി തറാവീഹ് നിസ്‌കാരം കഴിയാറാകുമ്പോള്‍ എവിടെയോ ഒരു വലിയ ശബ്ദ്ദവും അതോടെ വൈദ്യുതി നിലക്കുകയും ചെയ്തു. നിസ്‌കാരം കഴിഞ്ഞ ഉടനെ അമീര്‍ ശബ്ദംകേട്ട ഭാഗത്തേക്ക് പോകുകയും അവിടെ എത്രയോ വര്‍ഷം പഴക്കമുള്ള അരയാല്‍ മരവും അതിന്റെ ഒപ്പം മറ്റു ചെറിയ മരങ്ങളും കാറ്റില്‍ കടപുഴകി വീണിരിക്കുന്നത് കാരണം രണ്ട് ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നു കുടക്കുന്നതാണ് കണ്ടത്. കെ.എസ്.ഇ.ബിയില്‍ വിളിച്ചെങ്കിലും ഫോണ്‍ എടുക്കാത്തത് കാരണം രാത്രി തന്നെ കെ.എസ്.ഇ.ബി ഓഫീസില്‍ ചെല്ലുകയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്തു അതിരാവിലെ തന്നെ ആ പ്രദേശത്ത് അമീറിന്റെ നേതൃത്വത്തില്‍ കടപുഴകി വീണ മരങ്ങള്‍ വെട്ടിമാറ്റി. 

വൈദുതി പോസ്റ്റ് സ്ഥാപിക്കാനുള്ള സൗകര്യം ഒരുക്കുകയും കെ.സി.ഇ.ബിയുമായി ബന്ധപ്പെടുകയും ചെയ്തു. അതിനിടയില്‍ തന്നെ നുസ്രത്തുല്‍ ഇസ്ലാം സംഘത്തിന്റെ പ്രസിഡന്റ് കൂടിയായ അമീര്‍ പച്ചക്കാട് രാവിലെ പത്തു മണിക്ക് മന്‍ബഉല്‍ മദ്രസയില്‍ വെച്ച് കൊല്ലമ്പാടി ഖത്തീബ് ഉസ്താദിന്റെ നേതൃത്വത്തില്‍ നടക്കേണ്ട റമസാന്‍ മതപഠന ക്ലാസിന് സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഈ കാര്യങ്ങളെല്ലാം ചെയ്ത് ഞായറാഴ്ച വൈകിട്ട് 3:30 മണിയോടെ മരംമുറിക്കല്‍ ജോലിയെല്ലാം ചെയ്ത് തീര്‍ന്നു. പണിക്കാര്‍ക്ക് കൂലിയും കൊടുത്ത് സുഹൃത്ത് സമീറിനോട് വീട്ടില്‍ പോയി വരുന്നു എന്ന് പറഞ്ഞ് പോയ അമീര്‍. 

ഞാന്‍ അന്ന് കൊല്ലമ്പാടി പള്ളിയിലായിരുന്നു അസര്‍ നിസ്‌കരിച്ചത്. ഉച്ചയ്ക്ക് 12:50 നാണ് അവസാനമായി അമീറിനെ കണ്ടത്. അസര്‍ നിസ്‌കാരം കഴിഞ്ഞ ഉടന്‍ കെ.എം ഹമീദ് കൊല്ലമ്പാടി എന്നോട് ഉണര്‍ത്തി നമ്മുടെ അമീര്‍ കുഴഞ്ഞുവീണ് അത്യാസനനിലയില്‍ കെയര്‍വെല്‍ ഹോസ്പിറ്റലിലാണ് എന്ന്. കേട്ടപാതി കേള്‍ക്കാത്ത പാതി ഞാന്‍ ആശുപത്രിയിലേക്ക് പോയി. അവിടെ ചെന്നപ്പോള്‍ കണ്ടത് പൊട്ടികരഞ്ഞു കൊണ്ട് എന്റെ ഉപ്പാനെ തിരിച്ച് താ അല്ലാഹ് എന്ന് പറയുന്ന മൂത്ത മകന്‍ അജര്‍. ഹൃദയം തകര്‍ന്നുപോകുന്ന കാഴ്ച, പിന്നെ ഐ.സി.യുവില്‍ എല്ലാം നഷ്ട്ടപെട്ടു പോയി എന്ന് കരച്ചിലും തിങ്ങി കൂടിയിരിക്കുന്ന സുഹൃത്തുക്കള്‍. അതിനിടയ്ക്ക് രണ്ടാമത്തെ മകന്‍ അബ്ഷറിന്റെ ഫോണ്‍ വിളി ഖാലിദ്ചാ എന്റെ ഉപ്പാക്ക് എങ്ങനെയുണ്ട്, ഒന്ന് പറ. മോന്‍ ദുആ ചെയ് എന്ന് പറഞ്ഞ് മറ്റൊന്നും പറയാന്‍ സാധിക്കാതെ ഫോണ്‍ കട്ട് ചെയ്തു. 

പിന്നീട് തുരു തുരാ ഫോണ്‍ കോളുകള്‍, ഒന്നും പറയാന്‍ സാധിക്കാത്ത അവസ്ഥ. അതെ അമീര്‍ നീ നായക സ്ഥാനം ഉപേക്ഷിച്ചു നമ്മുടെ എല്ലാവരുടെയും ശാശ്വത ലോകമായ കബര്‍ എന്ന വീട്ടിലേക്ക് മടങ്ങി. പത്ത് വയസ് മുതല്‍ നമ്മള്‍ ഒരുമിച്ച് കളിച്ചുവളര്‍ന്ന സ്‌നേഹിതന്മാര്‍, എനിക്ക് നീയൊരു സഹോദരനായി കാണാനേ സാധിക്കു. കാരണം നമ്മള്‍ തമ്മിലുള്ള ബന്ധം അത്രയായിരുന്നു. എന്നാല്‍ നീ പിരിഞ്ഞത് ഇന്നും എന്നിക്ക് ഉള്‍കൊള്ളാന്‍ സാധിക്കുന്നില്ല. സ്‌നേഹിതാ എന്നിക്ക് മാത്രമല്ല പച്ചക്കാടിലെ ഓരോ പുല്‍കൊടിക്കും അത് സാധിക്കില്ല. നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് നീ ശാശ്വതമായി വിശ്രമിക്കുമ്പോള്‍, ഇവിടെ നീ ബാക്കി വെച്ചത് എങ്ങനെ ചെയ്തു തീര്‍ക്കും എന്നറിയാതെ വിങ്ങുകയാണ് നിന്റെ കൂട്ടുകാര്‍... 

സര്‍വ ശക്തനായ നാഥാ ഞങ്ങളുടെ കൂട്ടുകാരന്‍ നീ സ്വര്‍ഗം നല്‍കണേ... നാടിന് പ്രകാശം പരത്താന് ശ്രമിച്ച അവന്റെ ഖബര്‍ നീ പ്രകാശം പരത്തണേ നാഥാ... അവന്റെ കുടുംബാങ്ങള്‍ക്ക് ക്ഷമ നല്‍കണേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്... സ്‌നേഹിതന്റെ അമീര്‍ സ്ഥാനം അത് നികത്താനാവാതെ തന്നെ പച്ചക്കാട് എന്നും നിന്നെ ഓര്‍ത്തിരിക്കും... 

(കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി് ആക്ടിംഗ് ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
Tags

Post a Comment

0 Comments

Top Post Ad

Below Post Ad