കാസര്‍കോട് (www.evisionnews.co): ജില്ലയുടെ വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യേണ്ട ജില്ലാ വികസന സമിതിയെ നോക്കുകുത്തിയാക്കുകയാണെന്ന് എസ്.ടി.യു ദേശീയ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ പ്രസ്താവിച്ചു. ജില്ലാ കലക്ടര്‍ ചെയര്‍മാനായ ജില്ലാ വികസന സമിതി എല്ലാമാസവും യോഗം ചേരാറുണ്ടെങ്കിലും പല ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിക്കാറില്ല. ജനപ്രതിനിധികള്‍ ഉന്നയിക്കുന്ന സുപ്രധാന വിഷയങ്ങളില്‍ വകുപ്പ് മേധാവികള്‍ നല്‍കുന്ന മറുപടി പ്രകാരമുള്ള കാര്യങ്ങള്‍ ഒന്നുംതന്നെ യഥാസമയം നടപ്പിലാകുന്നില്ല.
ജില്ലയിലെ സര്‍ക്കാര്‍ വകുപ്പുകളിലും തദ്ദേശ ഭരണ സ്ഥാപനങ്ങളിലുമുണ്ടാവുന്ന ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനോ തസ്തിക കളില്‍ നിയമനം നടത്തുന്നതിനുള്ള യാതൊരുവിധ നടപടികളും സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാവുന്നില്ല. ഇതുമൂലം ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങളൂം ജനകീയ പ്രശ്‌നങ്ങളും കടലാസിലൊതുങ്ങുകയാണ്. ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിലെ പോരായ്മകളും പ്രശ്‌നങ്ങളും അടിയന്തിരമായി പരിഹരിക്കാന്‍ സഹായകമാവേണ്ട ജില്ലാ വികസന സമിതി കഴിഞ്ഞ കാലങ്ങളിലെടുത്ത തീരുമാനങ്ങളിലും വകുപ്പ്തല ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടികളിലും എത്രയെണ്ണം നടപ്പിലായിട്ടുണ്ടണ് പരിശോധിക്കാന്‍ ജനപ്രതിനിധികളും മറ്റും തയാറാവണം.
ജില്ലയില്‍ കുടിവെള്ളം, ആരോഗ്യ മേഖലകളില്‍ ഗുരുതരമായ സ്ഥിതിവിശേഷമാണ് ജനങ്ങള്‍ നേരിടുന്നത്. സര്‍ക്കാര്‍ ആസ്പത്രികളും ഡിസ്പന്‍സറികളും കുടിവെള്ള സ്രോതസുകളും യാതൊരുവിധ പ്രയോജനവുമില്ലാതെ ജനങ്ങളില്‍ നിന്നും അന്യം നില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടവരും ജില്ലയുടെ സമഗ്രവികസന കാര്യങ്ങളില്‍ താല്‍പര്യം കാണിക്കേണ്ടവരുമായ ചില ഉദ്യോഗസ്ഥര്‍ ഡി.ഡി.സിയെ പ്രഹസന സമിതിയാക്കി മാറ്റുകയാണ്. ഇതു പരിശോധിച്ച് ജില്ലാ വികസന സമിതി എടുക്കുന്ന തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിനും യോഗങ്ങളില്‍ ജില്ലയിലെ മുഴുവന്‍ വകുപ്പ് മേധാവികളേയും പങ്കെടുപ്പിക്കുന്നതിനും ആവശ്യ സര്‍വീസുകളില്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

Post a Comment
0 Comments