Type Here to Get Search Results !

Bottom Ad

ചിത്രരാജും രേവതിയും ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ശില്‍പ നിര്‍മാണം തുടങ്ങി


ബേക്കല്‍ (www.evisionnews.co): പതിനാലുകാരനായ എം.വി ചിത്രരാജും പതിമൂന്നുകാരിയായ കെ.എം രേവതിയും ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ശില്‍പ നിര്‍മാണം ആരംഭിച്ചു. തറക്കല്ലിടല്‍ കര്‍മം കെ. കുഞ്ഞിരാമന്‍ എം.എല്‍.എ നിര്‍വഹിച്ചു. ടൂറിസം വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ബി.ആര്‍.ഡി.സി ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടപ്പിലാക്കുന്ന 400മീറ്റര്‍ നീളത്തിലുള്ള 'ആര്‍ട്ട് വോക്ക്' പദ്ധതിയുടെ ഭാഗമായാണ് 18 വയസിന് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ശില്‍പ നിര്‍മാണത്തിന് അവസരമൊരുങ്ങിയത്. 

12വിദ്യാര്‍ത്ഥികളാണ് അപേക്ഷിച്ചിരുന്നത്. ഇവരില്‍ നിന്നും പ്രശസ്ത ചിത്രചരിത്രകാരന്‍ കെ.കെ മാരാര്‍, കാലടി ശങ്കരാചാര്യ സര്‍വകലാശാല ശില്‍പ വിഭാഗം മുന്‍ മേധാവി ഡോ. ടി.ജി ജ്യോതിലാല്‍ എന്നിവരടങ്ങുന്ന പാനലാണ് ഇന്റര്‍വ്യൂ നടത്തി ശില്‍പികളെ തെരഞ്ഞെടുത്തത്. പത്തടി ഉയരമുള്ള ഒരു ശില്‍പം പതിനെട്ട് വയസിന് താഴെയുള്ള ഒരുകുട്ടി നിര്‍മിക്കുക എന്നത് അത്യപൂര്‍വമാണെന്നും ഇത് എല്ലാ വിദ്യാര്‍ത്ഥികളുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഉതകുമെന്നും കെ.കെ മാരാര്‍ പറഞ്ഞു.

2014-15ല്‍ ശില്‍പകലയില്‍ ഭാരത സര്‍ക്കാരിന്റെ ടാലന്റ് റിസെര്‍ച്ച് അവാര്‍ഡിന് അര്‍ഹനായ ബാലശില്‍പിയാണ് ചിത്രരാജ്. 2018ലെ ദേശീയ സാംസ്‌കാരികോത്സവത്തിലേക്ക് ശില്‍പകലയില്‍ തെരഞ്ഞെടുക്കപ്പെട്ട ഏക ബാലശില്‍പി കൂടിയാണ്. ചെറുവത്തൂര്‍ ടെക്‌നിക്കല്‍ ഗവ. ഹൈസ്‌കൂള്‍ പത്താംതരം വിദ്യാര്‍ത്ഥിയായ ചിത്രരാജ് മൂന്നാം വയസിലാണ് ശില്‍പ നിര്‍മാണ പരിശീലനം തുടങ്ങിയത്. ആറാം ക്ലാസ് മുതല്‍ സംസ്ഥാന പ്രവൃത്തി പരിചയമേളയില്‍ ഒന്നാമനാണ്. ചെറുവത്തൂര്‍ തിമിരി സ്വദേശിയാണ്. 

കൊടക്കാട് ഒറോട്ടച്ചാല്‍ ഹരിജന്‍ കോളനി നിവാസിയായ കെ.എം രേവതി 2016-17ല്‍ ശില്‍പകലയില്‍ ഭാരത സര്‍ക്കാര്‍ ടാലന്റ് റിസേര്‍ച്ച് അവാര്‍ഡിന് അര്‍ഹത നേടിയ ഇന്ത്യയിലെ അഞ്ചു വിദ്യാര്‍ത്ഥികളില്‍ ഒരാളാണ്. കൊടക്കാട് കെ.എം.വി.എച്ച്.എസ്് സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. നാലാം ക്ലാസ് മുതലാണ് ശില്‍പ നിര്‍മാണ പരിശീലനം തുടങ്ങിയത്. 15അടി ഉയരമുള്ള ശില്‍പം നിര്‍മിക്കുകയാണ് ചിത്രരാജിന്റെ ലക്ഷ്യം. രേവതിയുടേത് പത്ത് അടി ശില്‍പവും. ഓരോ സംഘത്തിലും സഹായികളടക്കം ഏഴുപേര്‍ വീതമായി 14 ശില്‍പകലാ വിദ്യാര്‍ത്ഥികളാണുള്ളത്. ഇവരില്‍ എട്ടുപേര്‍ ആണ്‍കുട്ടികളും ആറുപേര്‍ പെണ്‍കുട്ടികളുമാണ്. ബേക്കല്‍ ബീച്ചില്‍ ക്യാമ്പ് ചെയ്താണ് ഇവര്‍ ശില്‍പങ്ങള്‍ നിര്‍മിക്കുന്നത്. ഒരുമാസം കൊണ്ട് രണ്ടുശില്‍പങ്ങളുടെയും നിര്‍മാണം പൂര്‍ത്തീകരിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad