Type Here to Get Search Results !

Bottom Ad

മീപ്പുഗിരി ജുമാമസ്ജിദ് കോമ്പൗണ്ടില്‍ അതിക്രമം: കൊലക്കേസ് പ്രതി ഉള്‍പ്പെടെ നാലുപേര്‍ കസ്റ്റഡിയില്‍


കാസര്‍കോട് (www.evisionnews.co): മീപ്പുഗിരി രിഫായി ജുമാമസ്ജിദ് കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറി സ്വലാത്ത് ഫ്‌ളക്‌സും പതാകയും നശിപ്പിച്ചസംഭവത്തില്‍ കൊലക്കേസ് പ്രതി ഉള്‍പ്പെടെ നാലുപേര്‍ കസ്റ്റഡിയില്‍. കാസര്‍കോട് സി.ഐ സി.എ അബ്ദുല്‍ റഹീമിന്റെയും എസ്.ഐ അജിത്കുമാറിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പള്ളി പരിസരത്തെയും പള്ളിക്ക് സമീപം പൊലീസ് സ്ഥാപിച്ച സി.സി.ടി.വി കാമറകളിലെയും ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് സംഭവം. നാലുപേര്‍ മതില്‍ ചാടി അകത്തേക്ക് വരുന്നതും കോമ്പൗണ്ടിലെ സ്വലാത്ത് ഫ്‌ളക്സ്, പതാക എന്നിവ നശിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. പള്ളിക്ക് സമീപം പൊലീസ് സ്ഥാപിച്ച സി.സി.ടി.വി ക്യാമറ മുകളിലേക്ക് തിരിച്ച് വെച്ചാണ് അതിക്രമം കാട്ടിയത്. എസ്.ഐ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് പള്ളിയും പരിസരങ്ങളും പരിശോധിച്ചു. ജുമാമസ്ജിദ് സെക്രട്ടറി സുബൈര്‍ ചൂരിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. 
റെഡിമേഡ് കടയിലെ ജീവനക്കാരനായിരുന്ന സാബിത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയടക്കം നാലുപേരാണ് കസ്റ്റഡിയില്‍ ഉള്ളതെന്നാണ് വിവരം. കാസര്‍കോട് ജില്ലയെയാകെ നടുക്കിയ റിയാസ് മൗലവി കൊല നടന്നിട്ട് ഒരു വര്‍ഷം തികയുന്ന സാഹചര്യത്തില്‍ വീണ്ടും ജില്ലയുടെ സമാന്തരീക്ഷം കെടുത്താനുള്ള ശ്രമമാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു. സി.സി.ടി.വി കാമറ തിരിച്ചുവെച്ചിട്ടുള്ള അക്രമം ആസൂത്രിതമാണെന്നും പിന്നില്‍ ശക്തമായ ഗൂഢാലോചനയുണ്ടെന്നും സംശയിക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad