Type Here to Get Search Results !

Bottom Ad

ചെയര്‍മാനും വൈസ് ചെയര്‍പേഴ്‌സണും നേര്‍ക്കുനേര്‍: മാര്‍ക്കറ്റിലെ മാലിന്യസംസ്്കരണത്തെ ചൊല്ലി കാഞ്ഞങ്ങാട് നഗരസഭയില്‍ വാക്കേറ്റമായി


കാഞ്ഞങ്ങാട് (www.evisionnews.co): കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റിലെ മാലിന്യ സംസ്‌കരണത്തെ ചൊല്ലി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണകക്ഷിയായ സി.പി.എം കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൊമ്പുകോര്‍ത്തു. കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റില്‍ മലിനജലം മാറ്റാന്‍ ആദ്യം നല്‍കിയ 35000 രൂപയുടെ കരാര്‍ ഒറ്റയടിക്ക് 70000 രൂപയാക്കി വര്‍ധിപ്പിച്ച നടപടിയെ സി.പി.എമ്മിലെ തന്നെ കൗണ്‍സിലര്‍ ആവിക്കര നാരായണന്‍ ഉയര്‍ത്തികൊണ്ടുവന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഒരു കരാറുകാരനും സി.പി.എമ്മിലെ ചില യുവ കൗണ്‍സിലര്‍മാരും ചേര്‍ന്ന് ചെയര്‍മാനെ വഴി തെറ്റിക്കുകയാണെന്നും നാരായണന്‍ ആരോപിച്ചു. 

ഇതിനിടെ പടന്നക്കാട് കൂറുന്തൂരിലെ അങ്കണ്‍വാടിക്ക് പഴകി ദ്രവിച്ച ഇന്റര്‍ലോക്ക് പാകിയെന്ന ആരോപണവും ഉയര്‍ന്നു. എന്നാലത് വാര്‍ഡ് കൗണ്‍സിലരുടെ വീഴ്ചയാണെന്ന് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ മറുപടി പറഞ്ഞത് വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ വൈസ് ചെയര്‍പേഴ്സണ്‍ എല്‍. സുലൈഖയെ ചൊടിപ്പിച്ചു. കരാറുകാരന്‍ അങ്കണ്‍വാടിക്ക് പഴകി ദ്രവിച്ച ഇന്റര്‍ലോക്ക് സ്ഥാപിക്കുമ്പോള്‍ ആ വിവരം അപ്പോള്‍ തന്നെ താന്‍ ചെയര്‍മാനെ അറിയിച്ചിരുന്നുവെന്ന് സുലൈഖയും തുറന്നടിച്ചു. ഇതോടെ പൊതുമാരമത്ത് സ്ഥിരംസമിതി അധ്യക്ഷയായ ഭാഗീരഥിയും സുലൈഖയും തമ്മില്‍ വാക്കേറ്റമായി.

അലാമിപ്പള്ളി പുതിയ ബസ് നിര്‍മാണത്തിന്റെ യാര്‍ഡ് നിര്‍മാണം മാര്‍ച്ച് 30വരെ നീട്ടി നല്‍കണമെന്ന അജണ്ടയെ യു.ഡി.എഫ് അംഗങ്ങള്‍ എതിര്‍ത്തു. എന്നാല്‍ അലാമിപള്ളി പുതിയ ബസ് സ്റ്റാന്റ് നിര്‍മാണം കാല്‍ നുറ്റാണ്ട് കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരാണ് അജണ്ടയെ എതിര്‍ക്കുന്നതെന്ന സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഭാഗിരഥിയുടെ ആരോപണത്തെ മുസ്്‌ലിം ലീഗിലെ കെ. മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷാംഗങ്ങള്‍ എതിര്‍ത്തു. യു.ഡി.എഫ് കൗണ്‍സില്‍ അവസാനിക്കുമ്പോള്‍ യാര്‍ഡ് നിര്‍മാണവും വൈദ്യുതി കണക്ഷനും മാത്രമാണ് അലാമിപള്ളി പുതിയ ബസ് സ്റ്റാന്റില്‍ വേണ്ടിയിരുന്നതെന്നും അതിനുവേണ്ടി എല്‍.ഡി.എഫ് ഭരണസമിതി രണ്ടു വര്‍ഷമാണ് തുലച്ചതെന്നും യു.ഡി.എഫ് കൗണ്‍സിലര്‍ ആരോപിച്ചു. യാര്‍ഡ് നിര്‍മാണത്തില്‍ കോണ്‍ക്രീറ്റ് മാറ്റി, ടാറിംഗ് ചെയ്തതില്‍ അഴിമതിയുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. ബസ് സ്റ്റാന്റിന്റെ പ്രവൃത്തി നീട്ടുവാനുള്ള കൗണ്‍സില്‍ അജണ്ടയ്ക്കെതിരെ യു.ഡി.എഫ് വിയോജനക്കുറിപ്പ് നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad