Type Here to Get Search Results !

Bottom Ad

പീഡനത്തിനിടെ ഭര്‍തൃമതി ഓട്ടോയില്‍ നിന്നും ചാടിയ സംഭവം: പോലീസ് യുവാവിനെ കുടുക്കിയതെന്ന്, ഡോക്ടറുടെ മൊഴിയും സിസിടിവിയും നിര്‍ണായകമായി


ചന്തേര (www.evisionnews.co): പീഡനശ്രമത്തിനിടെ ഭര്‍തൃമതി ഓട്ടോയില്‍ നിന്നും ചാടിയ സംഭവത്തില്‍ നിരപരാധിയായ യുവാവിനെ പോലീസ് കുടുക്കിയതെന്ന് കാസര്‍കോട് ക്രൈം ഡിറ്റാച്ച്‌മെന്റ് ബ്യൂറോയുടെ അന്വേഷണ റിപ്പോര്‍ട്ട്. ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി എം പ്രദീപ് കുമാര്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച യുവാവ് നിരപരാധിയാണെന്നും പോലീസ് കരുതിക്കൂട്ടി കേസില്‍ കുടുക്കുകയാണെന്നും കണ്ടെത്തിയത്.
കരിവെള്ളൂര്‍ സ്വാമി മുക്കിലെ ഷാനവാസി (20)പിഡന കുറ്റം ചുമത്തി അറസ്റ്റു ചെയ്ത ചന്തേര പോലീസിന്റെ നടപടിക്കെതിരെ ബന്ധുക്കള്‍ ജില്ലാ പോലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് ജില്ലാ പോലീസിന് കീഴിലുള്ള ക്രൈം ഡിറ്റാച്ചുമെന്റ് ബ്യൂറോ നടത്തിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. യുവാവ് സംഭവ ദിവസം പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നുവെന്ന ഡോക്ടറുടെ മൊഴിയും ആസ്പത്രിയിലെ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളുമാണ് കേസില്‍ നിര്‍ണായക തെളിവായത്.
2017 നവംബര്‍ 24ന് ഉച്ചക്ക് 2.15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിലിക്കോട് സ്വദേശിനിയായ യുവതിയാണ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായുള്ള പരാതി നല്‍കിയത്. ചന്തേര സ്‌കൂളിലെ പിടിഎ യോഗത്തില്‍ പങ്കെടുക്കാനായി പോകുമ്പോള്‍ പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ നിന്നും സ്വകാര്യ ഓട്ടോറിക്ഷ കയറിയ യുവതിയെ പടുവളം വില്ലേജ് ഓഫീസിന് സമീപമെത്തിയപ്പോള്‍ ഓട്ടോ ഡ്രൈവര്‍ പിറകിലേക്ക് കൈയ്യിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചതായും രക്ഷപ്പെടാനായി ഓട്ടോയില്‍നിന്നും ചാടിയപ്പോള്‍ റോഡില്‍ വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് കേസ്. തുടര്‍ന്ന് അന്വേഷണം നടത്തിയ ചന്തേര പോലീസ് ഷാനവാസിനെ അറസ്റ്റു ചെയ്യുകയും കോടതി റിമാന്റ് ചെയ്യുകയുമായിരുന്നു. നിരപരാധിയായ തന്റെ സഹോദരനെ പോലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്നും സംഭവ സമയത്ത് ഷാനവാസ് പരിയാരം മെഡിക്കല്‍ കോളജില്‍ പല്ലിന് റൂട്ട് കനാല്‍ ചെയ്യാനായി പോയിരുന്നുവെന്നും കാണിച്ച് സഹോദരി റുബീനയും പിതാവ് ഷാജഹാനും അറിയിച്ചിട്ടും പോലീസ് ചില സമ്മര്‍ദത്തെ തുടര്‍ന്ന് ഷാനവാസിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
പോലീസിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെ മതിയായ തെളിവുകള്‍ ശേഖരിക്കാതെ അന്വേഷണം അവസാനിപ്പിച്ച ചന്തേര പോലീസ് പ്രതിക്കൂട്ടിലായിരിക്കുകയാണ്. ചന്തേര എസ്.ഐയുടെ ഭാഗത്തുനിന്നുണ്ടായ കുറ്റകരമായ വീഴ്ചയാണ് കേസില്‍ നിരപരാധി ശിക്ഷിക്കപ്പെടാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടിലുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad