Type Here to Get Search Results !

Bottom Ad

രാഷ്ട്രീയ വിധേയത്വത്തിനും മാഫിയ കൂട്ടുകെട്ടിനും പൊലീസ് കനത്ത വിലനല്‍കേണ്ടിവരും: യൂത്ത് ലീഗ്

കാസര്‍കോട് (www.evisionnews.co): ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കി നീതി നടപ്പിലാക്കി നാട്ടില്‍ ക്രമസാമാധാനം നിലനിര്‍ത്താന്‍ ഉത്തരവാദിത്തമുള്ള ജില്ലാ പൊലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പാര്‍ട്ടി നോക്കി പ്രതികളെ തീരുമാനിക്കുന്നത് അവസാനിപ്പിക്കാന്‍ തയാറാവണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം അവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച കുമ്പള ബംബ്രാണയില്‍ സി.പി.എം- ബി.ജെ.പി സംഘര്‍ഷമുണ്ടായപ്പോള്‍ പൊലീസ് സംഘര്‍ഷം നടക്കുന്ന സ്ഥലത്ത് പോകാതെ ബംബ്രാണ ജംഗ്ഷനിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പ്രായംചെന്നവരെയും രോഗികളെയുമടക്കം തല്ലിയോടിക്കുകയും അകാരണമായി നിരവധി യൂത്ത് ലീഗ് പ്രവര്‍ത്തകരെ ജയിലിലടക്കുകയും ചെയ്യുകയായിരുന്നു. നാട്ടില്‍ കുഴപ്പമുണ്ടാക്കിയ സി.പി.എം- ബി.ജെ.പി പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് അവിടെ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്.
 
ബംബ്രാണയിലെ സി.പി.എം ഓഫീസ് തീവെച്ച് നശിപ്പിച്ചതിന് രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അടക്കം നാലു പേരെ പിടികൂടുകയും ഇവര്‍തന്നെയാണ് തീവെച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും ഇക്കാര്യം ജനപ്രതിനിധികളെയും നേതാക്കളെയും അറിച്ചതിന് ശേഷം മൂന്നുദിവസം പൊലീസ് കസ്റ്റഡിയില്‍ വെച്ച സി.പി.എം പ്രവര്‍ത്തകരായ പ്രതികളെ നേതാക്കള്‍ക്കൊപ്പം വിട്ടയക്കുകയും ചെയ്തു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയും മാങ്ങാട് സ്വദേശിയുമായ ജസീമിന്റെ ദുരൂഹമരണത്തിന് കാരണക്കാരനെന്ന് പൊലീസ് തന്നെ പറഞ്ഞ ഒരു സി.പി.എം നേതാവിന്റെ ബന്ധുവിനെതിരെ കേസെടുക്കാതെ ലോക്കല്‍ സെക്രട്ടറിയോടൊപ്പം വിട്ടയച്ചതും ജില്ലയിലെ പൊലീസിന്റെ രാഷ്ട്രീയക്കളിയുടെ ഒടുവിലത്തെ ഉദാഹരണമാണ്.
 
കാസര്‍കോടിന്റെ വിവിധ മേഖലകളില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി മുസ്്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കൊടിതോരണങ്ങള്‍ കെട്ടുമ്പോള്‍ എടുത്തുമാറ്റുന്ന പൊലീസ് അതേസ്ഥലങ്ങളില്‍ സി.പി.എം- സംഘ്പരിവാര്‍ പതാകകള്‍ക്ക് കാവല്‍ നില്‍ക്കുന്ന നെറികെട്ട സേവനം ധാര്‍മികതക്ക് നിരക്കാത്തതാണ്. പൊലീസിന്റെ ഇത്തരം നടപടികളാണ് നാട്ടില്‍ നിലനില്‍ക്കുന്ന സമാധാനം തകര്‍ക്കുന്നതിന് കാരണമാകുന്നതെന്നും യോഗം വിലയിരുത്തി. ഇത്തരം രാഷ്ട്രീയ- മാഫിയ വിധേയത്വത്തിന് പൊലീസ് കനത്ത വിലനല്‍കേണ്ടിവരുമെന്നും യോഗം മുന്നറിയിപ്പുനല്‍കി. ലഹരിക്കെതിരെ ശക്തമായ ക്യാമ്പയിന് യോഗം രൂപം നല്‍കി. കഞ്ചാവ് അടക്കമുള്ള ലഹരി മാഫിയയെ സംരക്ഷിക്കുന്ന നടപടികളില്‍ നിന്ന് ചില ഭരണകക്ഷി നേതാക്കളും പൊലീസും പിന്‍മാറണമെന്നും യോഗം ആവശ്യപ്പെട്ടു.
 
പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. യൂസുഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, ഹാരിസ് പട്‌ള, എം.എ നജീബ്, അസീസ് കളത്തൂര്‍, നൗഷാദ് കൊത്തിക്കാല്‍, സൈഫുള്ള തങ്ങള്‍, സഹീര്‍ ആസിഫ്, ഷംസുദ്ധീന്‍ കൊളവയല്‍, ഗോള്‍ഡന്‍ റഹ്്മാന്‍, സിദ്ധീഖ് സന്തോഷ് നഗര്‍, റഹൂഫ് ബായിക്കര, കെ.കെ ബദ്‌റുദ്ധീന്‍, സഹീദ് വലിയപറമ്പ്, സെഡ്.എ കയ്യാര്‍, മുഹമ്മദ് അസീം, ഹക്കീം അജ്മല്‍, നൗഫല്‍ തായല്‍, എന്‍.എ താഹിര്‍, ഹാരിസ് തായല്‍, എം.ബി ഷാനവാസ്, ടി.കെ ഹസീബ്, അബ്ബാസ് കൊളച്ചപ്പ്, യു.വി ഇല്യാസ്, മുഷ്താഖ് പടന്ന, മജീദ് പച്ചമ്പള, സി.ഐ.എ ഹമീദ്, ആശിഫ് മാളിക, ബഷീര്‍ മൊഗര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad