നടപടികളിൽ തൃപ്തനല്ല; ശ്രീജിത്ത് വീണ്ടും സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ആരംഭിച്ചു.
തിരുവനന്തപുരം:(www.evisionnews.co) പോലീസ് കസ്റ്റഡിയില്‍ മരിച്ച നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തിയ സഹോദരന്‍ ശ്രീജിത്ത് വീണ്ടും സെക്രട്ടേറിയറ്റ് പടിയ്ക്കല്‍ പ്രതിഷേധ സമരം ആരംഭിച്ചു. ശ്രീജിവിന്റെ മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് ശ്രീജിത്തിന്റെ ഇത്തവണത്തെ പ്രതിഷേധം.
നേരത്തെ 785 ദിവസം സമരം ചെയ്തതിനെ തുടര്‍ന്ന് ശ്രീജീവിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം സി.ബി.ഐ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസം സി.ബി.ഐ അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. ആദ്യം സമരത്തിന് കാര്യമായ പ്രതികരണങ്ങളൊന്നും ലഭിച്ചില്ലെങ്കിലും ഏതാണ്ട് ഒരുമാസം മുമ്ബാണ് ശ്രീജിത്തിന്റെ സമരം ഫലം കണ്ട് തുടങ്ങിയത്.
സമൂഹ മാധ്യമങ്ങളും സിനിമ- സ്പോര്‍സ് മേഖലയിലുള്ളവരും മറ്റും ഒന്നടങ്കം പിന്തുണയുമായി രംഗത്തെത്തിയതോടെയാണ് സമരത്തിന് ഫലം കണ്ടുതുടങ്ങിയത്. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ നേരിട്ട് ഇടപെടുകയും സി ബി ഐ അന്വേഷണത്തിന് സമ്മതം മൂളുകയുമായിരുന്നു. സി ബി ഐ കൂടി സമ്മതം മൂളിയതോടെയാണ് ശ്രീജിത്ത് തന്റെ സമരം അവസാനിപ്പിച്ചത്.
Post a Comment
0 Comments