Type Here to Get Search Results !

Bottom Ad

സഭയിലെ ജനപക്ഷതീരുമാനങ്ങള്‍ക്ക് പ്രചാരണം ലഭിക്കണം: സ്പീക്കര്‍


നീലേശ്വരം:(www.evisionnews.co)നിയമസഭയില്‍ നടക്കുന്ന ജനപക്ഷചര്‍ച്ചകളും നിയമഭേദഗതികളും സാമാജികര്‍ പഠിച്ച് അവതരിപ്പിക്കുന്ന വിവിധ വിഷയങ്ങളും ജനങ്ങളെ അറിയിക്കാന്‍  മാധ്യമങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് കേരള നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രസ്താവിച്ചു.  നിയമസഭ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായുളള ജില്ലാതല പരിപാടികള്‍ നീലേശ്വരം  രാജാസ് ഹയര്‍സെക്കന്ററിസ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. 
നിയമസഭയിലെ  നിമിഷനേരങ്ങള്‍ മാത്രമുളള ഏതാനും ഹാസ്യപ്രയോഗങ്ങള്‍ വിപുലീകരിച്ച് വാര്‍ത്താപ്രാധാന്യം നല്‍കുന്നത് ഒരിക്കലും വളര്‍ച്ചയെത്തിയ കേരളത്തിന്  ഭൂഷണമല്ല. ഇത് സാമാജികരെ വഴിതെറ്റിക്കാനേ ഉപകരിക്കൂ. കാര്യമാത്രപ്രസക്തമല്ലാത്ത നൈമിഷിക കാര്യങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുമ്പോള്‍ വലിയ ചര്‍ച്ചകളും തീരുമാനങ്ങളും  ഇകഴ്ത്തപ്പെടുന്നത് ജനാധിപത്യത്തെ അപമാനിക്കലാണ്. ഇന്ത്യന്‍ ജനാധിപത്യം മൂല്യങ്ങളുടെ കേദാരമാണെന്ന് സ്പീക്കര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ പാള പുറത്ത്‌കെട്ടി തൂക്കി നടക്കേണ്ടി വന്ന ഏറ്റവും അധ:കൃതരായി കരുതിയിരുന്ന മെഹര്‍ സമുദായത്തില്‍ നിന്നാണ്  ഇന്ത്യയുടെ  ഭരണഘടനാ ശില്‍പ്പി രൂപംകൊണ്ടത്. ഈ പോരാട്ടത്തെ ഒരു സഭയിലൂടെയും  നാം അപമാനിക്കാന്‍ പാടില്ല. അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമാകണം സഭയില്‍ ഉയരേണ്ടത്. അവനുവേണ്ടിയുളള  തീരുമാനങ്ങളാകണം പുറം ലോകത്തെ അറിയിക്കേണ്ടത്. നമ്മുടെ  പൂര്‍വ്വികരുടെ ത്യാഗഭരിതമായ പ്രവര്‍ത്തനങ്ങള്‍ വരും തലമുറയിലേക്ക് കൂടി പ്രവഹിക്കുന്നതിന് നാം വഴിയൊരുക്കേണ്ടതുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. 

Post a Comment

0 Comments

Top Post Ad

Below Post Ad