കോട്ടയം (www.evisionnews.co): യുഡിഎഫില്‍ നിന്നും വിട്ടുപോയ കെ.എം മാണിയുടെ കേരള കോണ്‍ഗ്രസ് (എം) സിപിഎമ്മുമായി അടുക്കുന്നു. കോട്ടയം ജില്ലാ സമ്മേളനത്തില്‍ കേരള കോണ്‍ഗ്രസിന് അനുകൂലമായ നിലപാടുണ്ടായത് മാണിയെ എല്‍ഡിഎഫിലെടുക്കുമെന്ന സൂചനയാണ് മുന്നോട്ടുവെക്കുന്നത്. സി.പി.എം ജില്ലാസമ്മേളനങ്ങളില്‍ കേരള കോണ്‍ഗ്രസ് എമ്മിന് അനുകൂലമായി ഉയര്‍ന്ന വികാരം പാര്‍ട്ടിതലത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് കെ.എം മാണിയും വ്യക്തമാക്കിക്കഴിഞ്ഞു.
കോട്ടയത്ത് അടുത്തയാഴ്ച ചേരുന്ന കേരള കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി യോഗം പുതിയ രാഷ്ട്രീയ സാഹചര്യത്തിന്റെ ആദ്യഘട്ടം വിലയിരുത്തും. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് യുഡിഎഫിലേക്ക് തിരിച്ചുപോകണമെന്നാണ് ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച തീരുമാനം ഉടനുണ്ടാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളും അറിയിക്കുന്നത്.
സി.പി.എം കോട്ടയം, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങളിലാണ് മാണിയെയും കൂട്ടരെയും സ്വാഗതം ചെയ്തുകൊണ്ടുള്ള പരാമര്‍ശങ്ങളുണ്ടായത്. അതേസമയം മാണിയെ ഒരു തരത്തിലും ഇടതുമുന്നണിയിലെടുക്കില്ലെന്ന നിലപാടില്‍ സിപിഐ ഉറച്ചു നില്‍ക്കുന്നത് സിപിഎമ്മിന് തലവേദനയായിരിക്കുകയാണ്.

Post a Comment
0 Comments