Type Here to Get Search Results !

Bottom Ad

സുബൈദയെ കൊന്നത് ചുമരില്‍ തലയിടിച്ച്: കൊലക്ക് പിന്നില്‍ അറിയാവുന്നയാള്‍


കാസര്‍കോട് (www.evisionnews.co): പെരിയ ആയമ്പാറ ചെക്കിപ്പള്ളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന സുബൈദ (60) എന്ന വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. സുബൈദയെ ശരിക്കും അറിയാവുന്ന ആളാണ് കൊലയ്ക്ക് പിന്നിലെന്നും പ്രതിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും ഇതിനായി തിരിച്ചറിയല്‍ വിദഗ്ദരുടെ സഹായം തേടിയിട്ടുണ്ടെന്നും ഉത്തരമേഖല ഐജി മഹിപാല്‍ യാദവ് പറഞ്ഞു. കണ്ണൂരില്‍ നിന്നും പ്രത്യേക വിരലടയാള വിദഗ്ദ സംഘം പരിശോധന നടത്തി. തലയും ചുമരിലിടിച്ചതായും കവര്‍ച്ചയ്ക്ക് വേണ്ടിയല്ലെന്നും വ്യക്തമായിട്ടുണ്ട്. ചുമരിലും തലയുടെ ഭാഗത്തും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. കെട്ടിയിട്ട കൈയ്യില്‍ നിന്നും കാലില്‍ നിന്നും രക്തം വാര്‍ന്ന സ്ഥലത്ത് ഉറുമ്പ് അരിച്ചിരുന്നതായും കണ്ടെത്തി. 

വീട്ടില്‍ രണ്ട് ഗ്ലാസ് നാരങ്ങ വെള്ളം പകുതി കുടിച്ച നിലയില്‍ കണ്ടത്തിയിരുന്നു. ഇതും അറിയാവുന്നവരാണ് കൊലപാതകത്തിന് പിന്നില്‍ എന്നതിലേക്ക് സൂചിപ്പിക്കുന്നു. വീട്ടില്‍ ആകെയുള്ള അലമാര പൂട്ടിയ നിലയില്‍ തന്നെയാണുള്ളത്. അടുക്കളയോട് ചേര്‍ന്നുള്ള സ്ഥലത്ത് പ്ലാസ്റ്റിക് സഞ്ചിയില്‍ വെച്ചിരുന്ന കുറച്ച് പണവും അതേപോലെ തന്നെയുണ്ട്. കൊല നടത്തിയ ആള്‍ വീട് പുറത്തുനിന്നും പൂട്ടി പോവുകയാണ് ഉണ്ടായതെന്നും പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി.

28 വര്‍ഷം മുമ്പ് മതംമാറിയ സുബൈദ അഞ്ചുവര്‍ഷം മുമ്പ് ആയമ്പാറ ചെക്കിപ്പള്ളത്ത് മിച്ചഭൂമിയില്‍ വീട് വെച്ച് തനിച്ച് താമസിച്ചുവരികയായിരുന്നു. പള്ളിക്കരയിലെ വീട്ടിലും അവിടെ ഒരു ഹോട്ടലിലും പണിയെടുത്താണ് ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. രണ്ട് ദിവസമായി കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ അന്വേഷിക്കുന്നതിനിടെയാണ് സുബൈദയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

അവിവാഹിതയായ സുബൈദ ജോലിക്ക് നില്‍ക്കുന്ന പള്ളിക്കരയിലെ തൊട്ടിയിലെ ഒരു വീട്ടുകാരുമായി നല്ല ബന്ധത്തിലായിരുന്നു. രണ്ടാഴ്ച മുമ്പ് ഈ വീട്ടുകാര്‍ സുബൈദയ്ക്ക് ആറ് പവന്‍ സ്വര്‍ണവള നല്‍കിയിരുന്നു. ഇതിനുപുറമെ വേറെയും സ്വര്‍ണാഭരണങ്ങളും സമ്പാദ്യവും സുബൈദക്കുണ്ടായിരുന്നതായും വ്യക്തമായിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ എന്തെല്ലാം നഷ്ടപ്പെട്ടുവെന്ന് വ്യക്തമാകുകയുള്ളൂ. നേരത്തെ ജോലിക്ക് നിന്ന വീട്ടിലെ ഏഴ്ുമക്കളെ പോറ്റി വളര്‍ത്തിയത് സുബൈദയായിരുന്നു. അത് കൊണ്ട് തന്നെ വളര്‍ത്തുമക്കളും എല്ലാ രീതിയിലും സുബൈദയെ സഹായിച്ചിരുന്നു. ബുധനാഴ്ച ഈ വീട്ടിലെ ഗള്‍ഫില്‍ നിന്നെത്തിയ മകനെ കാണാന്‍ സുബൈദ പള്ളിക്കരയിലെത്തിയിരുന്നു. പിന്നീട് ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാത്തത് കണ്ടപ്പോള്‍ പെരിയയിലെ വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad