Type Here to Get Search Results !

Bottom Ad

ഷൊർണൂർ നിളാ തീരത്ത് പെയ്തിറങ്ങിയ മാലപ്പാട്ടുകളുടെ ഇശൽ പൂമഴ ശ്രോതാക്കൾക്ക് നവ്യാനുഭവമായി.

ഷൊർണൂർ:(www.evisionnews.co)ഞരളത്ത് കലാശ്രമത്തിന്റെ നേതൃത്വത്തിൽ ഷൊർണൂർ ജംഗ്ഷന് സമീപo ഭാരതപ്പുഴയോരത്ത് സംഘടിപ്പിച്ച "പാട്ടോളം-2 " സംഗീതോത്സവ വേദിയിൽ മൊഗ്രാൽ കലാകാരന്മാരുടെ മാലപ്പാട്ടിലൂടെ  പെയ്തിറങ്ങിയ ഇശൽ മധുരിമ ശ്രോതാക്കൾക്ക് നവ്യാനുഭവമായി മാറി. കേരള സംഗീത ലോകത്തെ ഗ്രാമീണ ഗാന ശാഖകളടക്കമുള്ള കലാ സംഗീത ശാഖകളെ കോർത്തിണക്കിയാണ്  10 രാത്രികൾ നീണ്ടു നിൽക്കുന്ന  പാട്ടോളം സംഗീതോത്സവം സംഘടിപ്പിക്കുന്നത്.കേരള സർക്കാരിന്റെ സഹകരണത്തോടെ നടക്കുന്ന ഈ കലാമേള രണ്ടാം തവണയാണ്  നടക്കുന്നത്. ഡിസംബർ 31 വരെ പരിപാടി നീണ്ടു നിൽക്കും. കാസറഗോഡ് ജില്ലയിൽ നിന്ന് മൊഗ്രാലിലെ ഗായകർക്കാണ്   ഈ കലാവിരുന്നിലേക്ക് രണ്ടാമതും പ്രത്യേക ക്ഷണം ലഭിച്ചത്. മാപ്പിളപ്പാട്ട് മേഖലയിൽ ഏറെ ചലനം സൃഷ്ടിച്ച നൂറ്റാണ്ടിന്റെ കാവ്യ പാരമ്പര്യമുള്ള  മൊഗ്രാലിന്റ കാവ്യ പെരുമയ്ക്ക് ലഭിച്ച അംഗീകാരമായിരുന്നു ഈ ക്ഷണം. കമ്പിയും കഴുത്തും, വാലിൻമേൽ കമ്പിയും, പദവും, ചായലും, ബിരുത്തവുമെല്ലാം ഒത്തിണങ്ങിയ മാലപ്പാട്ടുകളാണ് വേദിയിൽ മൊഗ്രാൽ ഗായകർ അവതരിപ്പിച്ചത്. ഏറെ ശ്രദ്ധേയമായ മാലപ്പാട്ടുകൾ പാട്ടോളം സംഗീതോത്സവ വേദിയിൽ അവതരിപ്പിക്കണമെന്ന പ്രശസ്ത സോപാന സംഗീതജ്ഞനും മുഖ്യ സംഘാടകനുമായ  ഞരളത്ത് ഹരിഗോവിന്ദന്റെ അഭ്യർത്ഥന പ്രകാരമാണ് മൊഗ്രാലിലെ ഗായകർ ഷൊർണൂരിലെത്തിയത്. മാപ്പിളപ്പാട്ട് ശാഖയിലെ ഏറെ പുരാതനവും ശ്രദ്ധേയവുമായ മധുരം കിനിയുന്ന മാലപ്പാട്ടുകളുടെ ഈരടികൾ തിങ്ങിനിറഞ്ഞ സദസ്സ് ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. മലയാളക്കര മാറോടണച്ച കാവ്യങ്ങളായ ഖാളി മുഹമ്മദ്  രചിച്ച മുഹ്‌യദ്ദീൻ മാല, പ്രശസ്തി നേടിയ നഫീസത്ത് മാല, പ്രശസ്ത കവിയത്രി  പി.കെ അലീമ രചിച്ച ചന്ദിരസുന്ദരി മാല, ബദ്ർ മാല, മൊഗ്രാൽ കവി അഹ്മദ് ഇസ്മായിൽ സാഹിബിന്റെ പുതിയ നിക്കാഹ് മാല എന്നീ ഗാനങ്ങളാണ് പാട്ടോളം വേദിയിൽ അവതരിപ്പിച്ചത്. ഉസ്താദ് കെ.എം അബ്ദുൽ റഹ്മാൻ, എസ്.കെ ഇഖ്ബാൽ, യൂസഫ് മാസ്റ്റർ, ടി.കെ.അൻവർ, ഖാദർ മൊഗ്രാൽ , മുഹമ്മദ് അബ്കോ എന്നിവരാണ് മൊഗ്രാൽ പാട്ടുസംഘത്തിലുണ്ടായിരുന്നത്. ഞരളത്ത് കലാശ്രമത്തിന്റെ പാട്ടോളം ആദരപത്രം മൊഗ്രാൽ കലാകാരന്മാർക്ക് ചടങ്ങിൽ വെച്ച് പ്രശസ്ത സോപാന സംഗീതജ്ഞൻ ഞരളത്ത് ഹരിഗോവിന്ദൻ  സമ്മാനിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad