Type Here to Get Search Results !

Bottom Ad

'മിസ്റ്റര്‍ പ്രധാനമന്ത്രി, അടിത്തറ ഇളകുകയാണ്'; വിമര്‍ശനവുമായി കോണ്‍ഗ്രസ്


ന്യൂഡല്‍ഹി : (www.evisionnews.co) രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരുന്നതിനുള്ള മൂലകാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കോണ്‍ഗ്രസ്. രാജ്യത്തിന്റെ സ്റ്റാന്റേര്‍ഡ് ആന്‍ഡ് പുവര്‍ റേറ്റിങ്ങില്‍ മാറ്റം വരാത്ത സാഹചര്യത്തിലാണു വിമര്‍ശനം. ധാര്‍ഷ്ട്യം നിറഞ്ഞ നിഷേധ സ്വഭാവക്കാരനായി മോദി മാറിയെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ആരോപിച്ചു. റേറ്റിങ് ഏജന്‍സികളുടെ സംശയാസ്പദമായ സര്‍ട്ടിഫിക്കറ്റുകള്‍ക്കടിയില്‍ അഭയം തേടുകയാണു കേന്ദ്രസര്‍ക്കാരെന്നും ശര്‍മ കുറ്റപ്പെടുത്തി. മിസ്റ്റര്‍ പ്രധാനമന്ത്രി, നിങ്ങള്‍ നില്‍ക്കുന്ന സ്ഥലം ഇളകുകയാണ്. വഞ്ചിക്കപ്പെട്ടുവെന്നു ജനങ്ങള്‍ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ജനങ്ങള്‍ സര്‍ക്കാരിനെ തരംതാഴ്ത്തി കഴിഞ്ഞു. ആശയക്കുഴപ്പം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പാളം തെറ്റിയെന്ന സൂചനയാണ് ഇതു നല്‍കുന്നതെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ വിലയിരുത്തിയ രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡീസ്, രാജ്യത്തിന്റെ റേറ്റിങ് ഉയര്‍ത്തിയത്. ചരക്ക്, സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതു പുരോഗതിക്കു സഹായകമാകുമെന്ന വിലയിരുത്തലോടെയായിരുന്നു റേറ്റിങ് ഉയര്‍ത്തിയത്. ഏറ്റവും താഴ്ന്ന നിക്ഷേപഗ്രേഡായ 'ബിഎഎ 3'ല്‍നിന്ന് 'ബിഎഎ2'വിലേക്കായിരുന്നു മാറ്റം. ഇന്ത്യയുടെ സാമ്പത്തിക നില പോസിറ്റീവ് ആണെന്നതില്‍ നിന്നു 'സുസ്ഥിര'മെന്ന നിലയിലേക്കാണ് ഇപ്പോഴത്തെ റേറ്റിങ്. എന്നാല്‍ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്‌സ് റേറ്റിങ്ങില്‍ ഇന്ത്യ സ്ഥിതി മെച്ചപ്പെടുത്തിയല്ല. ഇതേത്തുടര്‍ന്നാണു വിമര്‍ശനം ഉയര്‍ന്നത്. ഇന്ത്യയുടെ ജിഡിപി താഴേക്കു കൂപ്പുകുത്തുകയാണ്. ഒട്ടേറെപ്പേര്‍ക്കു ജോലി നഷ്ടപ്പെട്ടു, വ്യവസായങ്ങള്‍ അടച്ചുപൂട്ടി. അസംഘടിത മേഖലയില്‍ 3.72 കോടി പേര്‍ക്കാണു തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. നിക്ഷേപ നിരക്കുകള്‍ ഏഴു ശതമാനത്തിലേക്കു കൂപ്പുകുത്തി. ക്രെഡിറ്റ് ഓഫ് ടേക്ക് ഫാളിങ് അറുപത്തിയഞ്ചു വര്‍ഷത്തെ താഴ്ന്ന നിലയിലെത്തി. എന്നിട്ടും സര്‍ട്ടിഫിക്കറ്റുകളില്‍ ഇന്ത്യയ്ക്ക് നേട്ടം മാത്രമാണുള്ളതെന്നും ശര്‍മ പറയുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ പൊടുന്നനെയുണ്ടാക്കിയ ആശയക്കുഴപ്പം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പാളം തെറ്റിയെന്ന സൂചനയാണ് അതു നല്‍കുന്നതെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad