ന്യൂഡല്‍ഹി (www.evisionnews.co): ബി.ജെ.പി കേരള ഘടകത്തില്‍ പുതുവര്‍ഷത്തോടെ സമഗ്ര അഴിച്ചുപണിയുണ്ടായേക്കും. ഇടഞ്ഞു നില്‍ക്കുന്ന ബി.ഡി.ജെ.എസ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളെ അനുനയിപ്പിക്കാനും ഊര്‍ജിതമായ ശ്രമം നടന്നുവരുന്നു. കൂടാതെ മറ്റു കക്ഷികളില്‍ നിന്നുള്ള നേതാക്കളെ ബി.ജെ.പിയിലെത്തിക്കാനും ബിജെപി തന്ത്രം മെനയുന്നുണ്ട്.
ബിജെപിക്ക് 2019ല്‍ കേരളത്തില്‍ നിന്നു ലോക്‌സഭാ സീറ്റ് നേടാനായില്ലെങ്കില്‍ പിന്നെയൊരിക്കലും അതുണ്ടാകില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പക്ഷം. കേന്ദ്രത്തിലും ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലിരിക്കുന്ന സാഹചര്യത്തില്‍ നടക്കുന്ന 2019ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള തീവ്രശ്രമം നടത്താനാണ് മോദിയുടെ നിര്‍ദേശം.
സംസ്ഥാന നേതൃത്വം കാര്യക്ഷമമല്ലെന്നാണ് കേന്ദ്രനേതാക്കളുടെ വിലയിരുത്തല്‍. കോണ്‍ഗ്രസില്‍ നിന്നു ജനപിന്തുണയുള്ള ചില നേതാക്കളെ അടര്‍ത്തിയെടുക്കുകയെന്ന തന്ത്രവും അമിത് ഷായുടെ നേതൃത്വത്തില്‍ ആവിഷ്‌കരിക്കുന്നുണ്ട്. കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി അമിത് ഷാ തന്നെ സംസ്ഥാന ചുമതലയേറ്റെടുക്കും. നിലവില്‍ സംസ്ഥാന പ്രഭാരിയായി ദേശീയ സെക്രട്ടറിയെ നിയോഗിച്ചിരിക്കുന്നതിനു പകരമായി ദേശീയ ജനറല്‍ സെക്രട്ടറിയെ തന്നെ പ്രഭാരിയുമാക്കും.

Post a Comment
0 Comments