പുതുച്ചേരി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നടി അമലാ പോളിന്റെ പുതുച്ചേരിയിലെ ഒറ്റമുറി വീട്ടില്‍ പരിശോധന നടത്തി. പുതുച്ചേരിയില്‍ വാഹനം റജിസ്റ്റര്‍ ചെയ്യാന്‍ നടി അമലാ പോള്‍ നല്‍കിയതു മൂന്നുനില കെട്ടിടത്തിനു മുകളിലെ അടിസ്ഥാനസൗകര്യങ്ങളില്ലാത്ത ഒറ്റമുറിവീടിന്റെ വിലാസമായിരുന്നു. പുതുച്ചേരി തിലാസ്പേട്ട് സെന്റ് തെരേസാസ് തെരുവിലെ നമ്പർ ആറെന്ന കെട്ടിടത്തില്‍ ഗതാഗത വകുപ്പു അന്വേഷണം നടത്തി കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഉമേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. അമലാ പോളിനു മൂന്നാം നിലയിലുള്ള ഒരു മുറി ഒരു വര്‍ഷത്തേക്കു വാടകയ്ക്കു നല്‍കിയിട്ടുണ്ടെന്നാണ് അയാള്‍ അറിയിച്ചത്. വാടക ഉടമ്പടിയുടെ ഒറിജിനല്‍ അമലപോളിന്റെ കൈവശം ഉണ്ടെന്നും അതിന്റെ കോപ്പി അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാക്കാമെന്നും അറിയിച്ചെങ്കിലും രേഖകള്‍ ഹാജരാക്കിയിട്ടില്ല.
അമലാ പോളിന് വാടകക്ക് നല്‍കിയെന്ന് ഉമേഷ് പറഞ്ഞ മുറി തുറന്നു കാണണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു. എന്നാല്‍, താക്കോല്‍ അമലാ പോളിന്റെ കൈവശമാണെന്ന് ഇയാള്‍ അറിയിച്ചു. അതേസമയം, പ്രമുഖ വ്യക്തി താമസിക്കുന്ന മുറിയായി ഇതിനെ കാണാന്‍ കഴിയില്ല. മുറിയുടെ പരിസരം വൃത്തിഹീനമായിരുന്നു എന്ന് ഗതാഗത കമ്മിഷണര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വാടക കരാര്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി.
Post a Comment
0 Comments